National
എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; എയര്‍പോര്‍ട്ട് പരിശോധനക്കെതിരേ ചോദ്യമുയരുന്നു

മുംബൈ| എയര്‍ ഇന്ത്യാ വിമാനത്തില്‍ 42കാരനായ യാത്രക്കാരന്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചു. ലോഗോസില്‍ നിന്ന് മുംബായിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
വിമാനത്തിനകത്ത് യാത്രക്കാരന്‍ വിറങ്ങലിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. തനിക്ക് മലേറിയ ഉണ്ടെന്ന് ഉദ്ദേഹം എയര്‍ ഇന്ത്യാ ജീവനക്കാരോട് അറിയിച്ചിരുന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിയതായും വിമാനജീവനക്കാര്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ് വായില്‍ നിന്ന് രക്തം വന്നിരുന്നു. ഇന്നലെ പുലർച്ചെ 3.40 ഓടെയാണ് വിമാനം മുംബൈയിലത്തിയത്.
യാത്രക്കാരന്റെ മരണം സ്വാഭാവികമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വിമാനത്താവളത്തില്‍ നടത്തുന്ന തെര്‍മല്‍ സ്‌കാനിംഗിനെ ചൊല്ലി നിരവധി ചോദ്യങ്ങളുയര്‍ന്നു. പനിയുള്ള യാത്രക്കാരെ എന്തിനാണ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചതെന്നും ചോദ്യമുയര്‍ന്നു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പടെയുളള പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നത്. അതിനാല്‍ യാത്രക്കാരന്റെ മരണം തെര്‍മല്‍ സ്‌ക്രീനിങ്ങിനെ കുറിച്ചുളള ആക്ഷേപങ്ങള്‍ക്ക് കാരണമായി.
പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം വിമാനത്തില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.