Covid19
രാജ്യത്തെ കൊവിഡ് ബാധിതരിൽ ഏറ്റവും പ്രായം കൂടിയയാൾ മരിച്ചു

ഇൻഡോർ | രാജ്യത്തെ കൊവിഡ് ബാധിതരിൽ ഏറ്റവും പ്രായം കൂടിയ ഇൻഡോറിൽ നിന്നുള്ള 101 വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. കണ്ടീഷൻ വളരെ മോശമായതിനെ തുടർന്ന് വെന്റിലേറ്റർ ഘടിപ്പിച്ച് ജീവൻ രക്ഷിക്കാൻ പരമാവധി കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ന്യൂമോണിയയുടെ ലക്ഷണങ്ങൾ കൂടാതെ ഹൃദയ, വൃക്ക സംബന്ധമായി അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.
വീട്ടിൽ നിന്ന് അടുത്ത കാലത്തൊന്നും പുറത്തിറങ്ങാതിരുന്ന ഇദ്ദേഹത്തിന് കുടുംബാംഗങ്ങളിൽ നിന്നാവാം കൊവിഡ് ബാധിച്ചതെന്ന് ആശുപത്രിയിലെ ചെസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ഡോ. ദോശി പറഞ്ഞു. രാജ്യത്തെ കൊവിഡ് രൂക്ഷപ്രദേശങ്ങളിൽ ഒന്നായ ഇൻഡോറിൽ 4,063 കേസുകളാണ് ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 170 പേർ മരിക്കുകയും ചെയ്തു.