Covid19
ഡൽഹിയിലെ കൊവിഡ് വർധന; അമിത് ഷാ- കെജ്രിവാൾ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി| ഡൽഹിയിൽ കൊവിഡ് ക്രമാതീതമായി വർധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരോടൊപ്പം ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സിംഗ്, ലഫ്.ഗവർണർ അനിൽ ബൈജാൽ, ഡോ. രൺദീപ് ഗുലേറിയ (എയിംസ്) തുടങ്ങിയവർ പങ്കെടുക്കും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം കെജ്രിവാളും അമിത് ഷായും ആഭ്യന്തരമന്ത്രിയുടെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ സഹകരണവും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 2,137 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ നിലവിൽ രോഗികളുടെ എണ്ണം 36,000 കടന്നു. 1,214 പേരാണ് ഇതുവരെ മരിച്ചത്. ദേശീയ തലസ്ഥാനത്തെ ഭയാനകവും ദയനീയവുമായ അവസ്ഥയെ കുറിച്ച് സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. വൈറസ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായാണ് പരിഗണിക്കുന്നതെന്നും കോടതി ആരോപിച്ചിരുന്നു.