National
കൊവിഡ് : രോഗമുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി| രാജ്യത്ത് ആദ്യമായി കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം നിലവിലുള്ള രോഗികളേക്കാൾ കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സജീവമായ കേസുകളുടെ എണ്ണം 1,33,632ഉം രോഗമുക്തരായവർ 1,35,205 ഉം ആണ്. 48.99 ശതമാനം രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചതെന്ന് അധികൃതർ പറഞ്ഞു. ആഗോള പ്രവണതകൾ അനുസരിച്ച് 80 ശതമാനം പേർക്ക് ചെറിയ തോതിൽ വൈറസ് ബാധ ഉണ്ടാകാനും 100 ശതമാനം സുഖപ്പെടാനും സാധ്യതയുണ്ടെന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടറായ നീരജ് ഗുപ്ത പറഞ്ഞു.
ജനങ്ങൾ രോഗത്തെ ഭയത്തോടെയാണ് നോക്കികാണുന്നതിനാൽ രോഗവ്യാപനത്തിന് സാധ്യത കുറവാണ്. ഇത് വലിയ പ്രതീക്ഷ നൽകുന്നു. എന്നാൽ അലംഭാവം കാണിക്കരുത്.സാമൂഹിക അകലം പാലിക്കൽ, ശുചിത്വ മാർഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കണം. ഗുപ്ത പറഞ്ഞു.
ആഗോള കണക്കുകൾ പ്രകാരം, 80 ശതമാനം കൊവിഡ് കേസുകളും ഗുരുതരമല്ല, ബാക്കി 20 ശതമാനം കേസുകൾ ചികിത്സ തേടേണ്ടതാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 കേസുകളിൽ അഞ്ച് ശതമാനം പേർക്ക് മാത്രമേ ഐ സി യു പരിചരണം ആവശ്യമുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് വരെ 50,61,332 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകൾ പരിശോധിച്ചതായും ഐ സി എം ആർ അറിയിച്ചു.