Covid19
കൊച്ചിയിലെത്തിച്ച നിതിന്റെ മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു

കോഴിക്കോട് | മലയാളക്കരയെ കണ്ണീരണിയിച്ച് കഴിഞ്ഞ ദിവസം പ്രവാസ ലോകത്ത് മരണപ്പെട്ട നിതിന്റെ മൃതദേഹം ദുബൈയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ചത്.വിമാനത്താവളത്തില്‍ നിന്നും നിതിന്റെ മൃതദേഹം വഹിച്ചിള്ള ആംബുലന്‍സ് ജന്മനാടായ കോഴിക്കോട്ടേക്ക് തിരച്ചു. ഉച്ചയോടെ ആംബുലന്‍സ് കോഴിക്കോട് എത്തുമെന്നാണ് കരുതുന്നത്.
നിതിന്റെ ഭാര്യ ആതിര പിഞ്ചുകുഞ്ഞിന് ജന്മം നല്‍കി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഭര്‍ത്താവിന്റെ മരണ വിവരം പ്രസവ സമയം വരെ ആതിരയെ അറിയിച്ചിരുന്നില്ല. കൊച്ചിയില്‍ നിന്നും എത്തിക്കുന്ന മൃതദേഹം ആതിരയെ കാണിക്കാനായി ആദ്യം ആശുപത്രിയിലെത്തിക്കും. അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. തുടര്‍ന്ന് വൈകിട്ട് പേരാമ്പ്രയില്‍ സംസ്‌കാരം നടക്കും.
കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിന്‍ മരിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്താകമാനം ഉണ്ടായ ലോക്ക്ഡൗണിനിടെ വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയാണ് നിതിനും ഭാര്യ ആതിരയും രാജ്യത്ത് ശ്രദ്ധപിടിച്ചുപറ്റിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ കൊണ്ടുവരാനുള്ള ആദ്യ വിമാനത്തില്‍ തന്നെ ആതിരക്കും നിതിനും ടിക്കറ്റ് ലഭിച്ചു. പക്ഷെ നിതിന്റെ നല്ല മനസ് തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട ഒരാള്‍ക്കായി ആ ടിക്കറ്റ് നല്‍കി. ആതിരയുടെ പ്രസവ സമയത്ത് നാട്ടിലെത്താമെന്ന് നിതിന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നിതിന്‍ മരപ്പെട്ടതായ വാര്‍ത്ത ബന്ധുക്കളെ തേടിയെത്തുകയായിരുന്നു.
ഇതോടെ പ്രസവത്തിനു മുമ്പുള്ള കൊവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയിരുന്നതെങ്കിലും ഭര്‍ത്താവിന്റെ മരണവിവരം അറിയിക്കുന്നതിനു മുമ്പ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.