National
ബംഗാൾ രാഷ്ട്രീയ ആക്രമണത്തിന്‌റ വ്യവസായ ശാലയെന്ന് അമിത് ഷാ

കൊൽക്കത്ത | പശ്ചിമ ബംഗാൾ രാഷ്ട്രീയ ആക്രമണത്തിന്‌റെ വ്യവസായ ശാലയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീഡിയോ കോൺഫറൻസിലൂടെ ബംഗാളിൽ നടക്കുന്ന ജൻ-സംവദ് വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡിന് പോലും ബി ജെ പിയുടെ പ്രചാരം തടയാൻ കഴിയില്ലെന്ന് പറഞ്ഞ ഷാ പ്രധാനമന്ത്രി മോദിക്കും ജെ പി നഡ്ഡക്കും റാലിയിൽ നന്ദി അറിയിച്ചു. 2014 മുതൽ പശ്ചിമ ബംഗാളിൽ നടന്ന രാഷ്ട്രീയ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറിലധികം ബി ജെ പി പ്രവർത്തകർക്കും കൊവിഡ് 19, ഉംപുൻ ചുഴലിക്കാറ്റ് എന്നിവ മൂലം ജീവൻ നഷ്ടമായവർക്കും ആദരാജ്ഞലി അർപ്പിച്ചു.
ജനാധിപത്യം അതിന്‌റെ വേരുകൾ ശക്തിപ്പെടുത്തി രാജ്യത്തുടനീളം ഏകീകരിക്കപ്പെട്ടപ്പോൾ രാഷ്ട്രീയ അതിക്രമങ്ങൾ പ്രചരിപ്പിക്കുന്ന ഒരേയൊരു സംസ്ഥാനമായി ബംഗാൾ മാറുകയാണെന്ന് അമിത് ഷാ പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി ഇവിടെ നടപ്പാക്കാൻ മമത ദീദി ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയണം. പാവപ്പെട്ടവർക്ക് സൗജന്യവും ഗുണമേന്മയുമുള്ള വൈദ്യസഹായം ലഭിക്കാൻ അവകാശമില്ലേ. സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപവത്കരിക്കുന്ന ദിവസം നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കും.
മമത പാവപ്പെട്ടവരുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് രാഷ്ട്രീയം കളിക്കരുത്. ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളെ കൊറോണ എക്‌സ്പ്രസ് എന്ന് വിളിച്ച് കുടിയേറ്റക്കാരെ അപമാനിക്കുകയാണ് മമതാ സർക്കാർ ചെയ്തത്. ലോക്‌സഭയിൽ 303 സീറ്റുകൾ ഞങ്ങൾക്കുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ബംഗാളിൽ നിന്നുള്ള 13 സീറ്റുകളാണെന്നും അമിത് ഷാ പറഞ്ഞു