Connect with us

Kerala

തീരദേശത്ത് ഇനി വറുതിയുടെ നാളുകള്‍; ട്രോളിംഗ് നിരോധനം ഇന്ന് നിലവില്‍വരും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് 52 ദിവസം മത്സ്യബന്ധനത്തിന് യന്ത്രവത്കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍ വരും. ജൂലായ് 31 വരെ നീണ്ടുനില്‍ക്കുന്ന നിരോധനം സംസ്ഥാനത്തെ തീരം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ ബോട്ടുകള്‍ക്കും ബാധകമാണ്. കടലില്‍പോയ എല്ലാ ബോട്ടുകളും ഇന്ന് രാത്രിയോടെ തിരിച്ചെത്തും. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഇതര സംസ്ഥാന ബോട്ടുകളേയും അനുവദിക്കില്ല.

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് മാസമായി തീരദേശ നിവാസികള്‍ കടലില്‍ പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങിയതോടെ കാറ്റ് ഭീഷണിയും മറ്റും മൂലം കടലില്‍ പോകരുതെന്ന മുന്നറിയിപ്പും വുന്നു. ഇനി 51 ദിവസം ട്രോളിംഗ്കൂടി വരുന്നതോടെ തീര വാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സാധാരണ ട്രോളിംഗിന് മുമ്പ് ഒരുങ്ങാന്‍ മത്സ്യ തൊഴിലാളികള്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇത്തവണ കൊവിഡ് മൂലം അതുണ്ടായില്ല. സര്‍ക്കാറിന്റെ കനിവ് ഉണ്ടായില്ലെങ്കില്‍ മുഴുപട്ടിണിയാകും കടലിന്റെ മക്കള്‍ക്കെന്ന കാര്യത്തില്‍ സംശയമില്ല.

മത്സ്യങ്ങളുടെ പ്രത്യുത്പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിംഗ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 201617ല്‍ 4.88 ലക്ഷം ടണ്ണായിരുന്ന സമുദ്ര മത്സ്യോത്പാദനം 2019-20ല്‍ 6.09 ലക്ഷമായി കൂടിയെന്നും മന്ത്രി പറഞ്ഞു.

കലക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിംഗ് നിരോധനം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ട്രോളിംഗ് മയത്തുള്ള പട്രോളിങ്ങിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകള്‍ ഉപയോഗിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച രാത്രി അവസാനിക്കും.