National
കുടിയേറ്റ തൊഴിലാളികള്‍ക്കായി പദ്ധതികളുമായി കേന്ദ്രം; 116 ജില്ലകളെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി | ലോക്ക്ഡൗണിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന വലിയ വിമര്‍ശം പ്രതിപക്ഷം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരവരുടെ സംസ്ഥാനത്ത് തന്നെ വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കൂടുതല്‍ കുടിയേറ്റ തൊഴിലാളികളുള്ള രാജ്യത്തെ 116 ജില്ലകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ജില്ലകളിലുള്ള തൊഴിലാളികള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കാനാണ് പദ്ധതി. എംഎന്‍ആര്‍ഇജിഎ , ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ വഴിയാകും തൊഴില്‍ ലഭ്യമാക്കുക. ഇതിന് പുറമെ ജന്‍ധന്‍ യോജന, കിസാന്‍ കല്യാണ്‍ യോജന, ഭക്ഷ്യ സുരക്ഷ നിയമം, പ്രധാനമന്ത്രിയുടെ ആവാസ് യോജന തുടങ്ങിയ പദ്ധതികളും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ മന്ത്രാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
തിരഞ്ഞെടുത്ത 116 ജില്ലകളില്‍ 32 ജില്ലകള്‍ ബിഹാറിലും 31 ജില്ലകള്‍ ഉത്തര്‍പ്രദേശിലുമാണ്. ഇതിന് പുറമെ മധ്യപ്രദേശിലെ 24 ജില്ലകള്‍, രാജസ്ഥാനിലെ 22 ജില്ലകള്‍, ജാര്‍ഖണ്ഡിലെ മൂന്ന് ജില്ലകള്‍, ഒഡിഷയിലെ മൂന്ന് ജില്ലകളും ഉള്‍പ്പെടും. കുടിയേറ്റ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന നടപടികള്‍ സംബന്ധിച്ച വലിയ വിവാദമാണ് ഉയര്‍ന്നത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. വീടുകളിലേക്ക് മടങ്ങാന്‍ അവസരമൊരുക്കാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരേയും ഇവര്‍ക്കായി മറ്റ് സാമൂഹ്യസുരക്ഷ ഉറപ്പാക്കാത്തതിനെതിരേയും വലിയ വിമര്‍ശമാണ് ഉയര്‍ന്നത്.