Connect with us

Gulf

മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കും; കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ ആഗ്രഹം സഫലീകരിക്കാന്‍ മെഡിക്കല്‍ ഗ്രൂപ്പ്

Published

|

Last Updated

അല്‍-ഐന്‍ | കൊവിഡ് മുന്നണിപ്പോരാളിയായിരുന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചതിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന് കൈത്താങ്ങായി അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും മെഡിക്കല്‍ ഗ്രൂപ്പും. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ ഇന്ത്യന്‍ ഡോക്ടര്‍ സുധീര്‍ വഷിംകറിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയും ആശ്വാസവുമേകി അദ്ദേഹം സേവനമനുഷ്ഠിച്ച അല്‍-ഐനിലെ ബുര്‍ജീല്‍ റോയല്‍ ആശുപത്രിയും മെഡിക്കല്‍ ഗ്രൂപ്പായ വി പി എസ് ഹെല്‍ത്ത് കെയറുമാണ് രംഗത്തെത്തിയത്.
തന്നെപ്പോലെ രണ്ടു മക്കളെയും ഡോക്ടര്‍മാരാക്കുകയെന്നതായിരുന്നു ഡോ. സുധീറിന്റെ ചിരകാലാഭിലാഷം. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരുടെയും മെഡിക്കല്‍ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ ഗ്രൂപ്പ് തീരുമാനിച്ചത്. ഫീസ് ഇനത്തിലും മറ്റും ആവശ്യമായി വരുന്ന 60 ലക്ഷം രൂപ ലഭ്യമാക്കാനുള്ള സന്നദ്ധത വി പി എസ് ഹെല്‍ത്ത് കെയര്‍ കുടുംബത്തെ അറിയിച്ചു.

ബുര്‍ജീല്‍ റോയല്‍ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റായ ഡോ. സുധീര്‍ (61) ശനിയാഴ്ചയാണ് മരിച്ചത്. കൊവിഡ് രോഗബാധിതരുടെ പരിശോധന്ക്കായി ആശുപത്രിയില്‍ സ്ഥാപിച്ച ഫീവര്‍ ക്ലിനിക്കില്‍ സജീവമായിരുന്നു അദ്ദേഹം. മെയ് ഒമ്പതിനാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബുര്‍ജീല്‍ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ മെയ് 11 ന് അല്‍ ഐന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് മുന്നണിപ്പോരാളി, സൗമ്യസാന്നിധ്യം

കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ തുടക്കം മുതല്‍ നിലയുറപ്പിച്ച ഡോക്ടര്‍ സുധീര്‍ വഷിംകര്‍ മുഖത്തെപ്പോഴും പുഞ്ചിരിയോടെ ഇടപെടുന്ന സൗമ്യസാന്നീധ്യമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ജോലിത്തിരക്കുകള്‍ക്കിടെയും ഉല്ലാസവാനായിരുന്നു അദ്ദേഹം. അവസാനം വരെ ജോലിയോടുള്ള ആത്മാര്‍ഥതയും പ്രതിജ്ഞാബദ്ധതയും കാത്തുസൂക്ഷിച്ചു. കൊവിഡ് ബാധിതര്‍ക്ക് പരിചരണം ഉറപ്പാക്കാന്‍ ഏതു സമയത്തും പ്രവര്‍ത്തനനിരതനായിരുന്നു അദ്ദേഹമെന്ന് വി പി എസ് ഹെല്‍ത്ത്‌കെയര്‍ അല്‍-ഐന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ. അരുണ്‍ മേനോന്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ യു എ ഇയില്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ ആശുപത്രിയില്‍ സുരക്ഷിതവും ഫലപ്രദവുമായ പരിശോധന സംവിധാനം ഒരുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി അദ്ദേഹം മുന്നിലുണ്ടായിരുന്നു. മെഡിക്കല്‍ രംഗത്തുള്ളവരുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ ഫലപ്രദമായി നേരിടാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. “രാജ്യത്തെ എല്ലാ കൊവിഡ് പോരാളികള്‍ക്കും മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം. ഡോക്ടര്‍ സുധീറിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തോടോപ്പം ഞങ്ങള്‍ എന്നും ഉണ്ടാകും”- ഡോ. അരുണ്‍ വ്യക്തമാക്കി.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ഞായറാഴ്ചയാണ് ഡോ. സുധീറിന്റെ മൃതദേഹം അല്‍-ഐനില്‍ സംസ്‌ക്കരിച്ചത്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോ. സുധീര്‍ നാഗ്പൂര്‍ ഇന്ദിരാഗാന്ധി ഗവ. മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു. 2008ല്‍ യു എ ഇയിലെത്തിയ അദ്ദേഹം അല്‍-ഐനില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായി സേവനമാരംഭിച്ചു. 2018ലാണ് അദ്ദേഹം ബുര്‍ജീല്‍ റോയല്‍ ആശുപത്രിയുടെ ഭാഗമായത്.