Connect with us

Gulf

"കോൺടാക്റ്റ് ജനറൽ ഡയറക്ടർ' സേവനം ശ്രദ്ധേയമാകുന്നു; അഞ്ച് മാസത്തിനുള്ളിൽ ലഭിച്ചത് 4,340 ഇമെയിലുകൾ

Published

|

Last Updated

ദുബൈ | ദുബൈയിൽ താമസ- കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും നിർദേശങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് കൈമാറുന്ന “കോൺടാക്റ്റ് ജനറൽ ഡയറക്ടർ”” എന്ന സേവനം ശ്രദ്ധേയമാകുന്നു.
ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 4,340 ഇമെയിൽ സന്ദേശങ്ങൾ എത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

വിവിധ കാര്യങ്ങൾ ധരിപ്പിച്ചുള്ള ഇമെയിൽ സന്ദേശങ്ങളിൽ കൂടുതലും വിസാ സംബന്ധമായ അന്വേഷണങ്ങളാണുള്ളത്. എൻട്രി പെർമിറ്റുകൾ നേടുന്നതിനുള്ള വ്യവസ്ഥകൾ, എൻട്രി, റെസിഡൻസി പെർമിറ്റുകൾക്കായുള്ള അപേക്ഷകളുടെ അവസ്ഥ, ജി സി സി രാജ്യക്കാരുടെ വിസാ സ്റ്റാറ്റസ്, താമസ-കുടിയേറ്റ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയായിരുന്നു ഇതുമായി ബന്ധപ്പെട്ടുള്ള ഇമെയിൽ സന്ദേശങ്ങളുടെ ഉള്ളടക്കം. ജി ഡി ആർ എഫ്എ ദുബൈയുടെ സ്മാർട് ആപ്ലിക്കേഷൻ, വകുപ്പിന്റെ വെബ്‌സൈറ്റ് തുടങ്ങിയവയിലാണ് കോൺടാക്റ്റ് ജനറൽ ഡയറക്ടർ എന്ന ഓപ്ഷനിൽ സേവനം ലഭ്യമാകുന്നത്.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വിദൂരജോലി സംവിധാനത്തിലേക്ക് മാറിയ ജി ഡി ആർ എഫ്എ ദുബൈക്ക് മാർച്ച്, മെയ് മാസങ്ങളിലാണ് ഈ സേവനം കൂടുതലായും ജനങ്ങൾ ഉപയോഗപ്പെടുത്തിയതെന്ന് കണക്കുകൾ വെളിപ്പെടുത്തു. ദുബൈ ഉപഭോക്താക്കളുടെ അന്വേഷണങ്ങളും നിർദേശങ്ങളും പരിഗണിക്കുകയും, അവരുടെ സന്തോഷം നേടുന്നതിന് തുടർച്ചയായി ആശയവിനിമയം നടത്തുന്നതും ഈ സംവിധാനം ഉറപ്പാക്കുന്നുവെന്ന് ജി ഡി ആർ എഫ് എ ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു,

ജി ഡി ആർ എഫ് എ ദുബൈ വെബ്സൈറ്റ് വഴി 2013ൽ ആരംഭിച്ചതാണ് “കോൺടാക്റ്റ് ജനറൽ ഡയറക്ടർ”” എന്ന സേവനം. ഈ സൗകര്യത്തിലൂടെ സുതാര്യതയും ഓപ്പൺ ഡോർ നയവും ഏകോപിച്ചുകൊണ്ട് എത്ര വിദൂരത്തിൽ നിന്നും പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള മാർഗങ്ങളിലൊന്നായാണ് ഇതിനെ കാണുന്നതെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. മറ്റു ഇതര സേവനങ്ങളുടെ നിലവാരം വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സർഗാത്മകത, നവീകരണം, മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ജനറൽ ഡയറക്ടറുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഈ സേവനം ഉപഭോക്താക്കളെ അനുവദിക്കുന്നു, ഇത് വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ലഭിച്ച എല്ലാ അന്വേഷണങ്ങൾക്കും ഉത്തരം നൽകുകയും അത് ആവിശ്യമായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ഉപഭോക്താവിന് നൽകിയെന്ന് അൽ മർറി സ്ഥിരീകരിച്ചു. ഇതിലെ എല്ലാ അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ടവരെ പഠിക്കാനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ നിർദേശങ്ങൾ പ്രയോഗിക്കാനുള്ള സാധ്യത ചർച്ചചെയ്യാനും ബന്ധപ്പെട്ട വിഭാഗത്തിന് അദ്ദേഹം നിർദേശം നൽകി.