Connect with us

Editors Pick

ഐ സി എഫ് സൗജന്യ യാത്രയൊരുക്കി; രാഗിന് അച്ഛനെ അവസാനമായി കാണാൻ

Published

|

Last Updated

കോഴിക്കോട് | ദു:ഖം തളം കെട്ടി നിൽക്കുന്ന വീട്ടിലേക്ക് പിതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ രാഗിൻ എത്തുമ്പോൾ കണ്ട് നിന്നവരുടെ കണ്ണ് നിറഞ്ഞു. ഈ സാഹചര്യത്തിൽ എത്തുമെന്ന് ഒരിക്കലും ഉറപ്പില്ലാത്ത അവൻ എത്തിയല്ലോ എന്ന് അവർ അടക്കം പറഞ്ഞു. കുഞ്ഞുനാളിലേ വാത്സല്യം വാരിക്കോരി നൽകിയ പിതാവിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാൻ അവസരമൊരുക്കിയ ഐ സി എഫിനെ കുറിച്ച് പറയുമ്പോൾ രാഗിന്റെ ശബ്ദം ഇടറി, പിന്നെ മുഴുമിപ്പിക്കാനായില്ല.


ഐ സി എഫ് ചാർട്ടർ ചെയ്ത ഇൻഡിഗോ ഒമാൻ-കോഴിക്കോട് വിമാനത്തിലാണ് ഇന്നലെ വൈകീട്ട് 3.25ന് രാഗിൻ കരിപ്പൂരിലെത്തിയത്. ഏഴ് വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന രാഗിൻ ഒരു വർഷം മുമ്പ് നാട്ടിൽ വന്ന് പോകുമ്പോൾ അച്ഛൻ നിലമ്പൂർ വെളുമ്പിയംപാടം പൂളത്തൊടി ഗിരീഷ് കുമാറിന് വലിയ അസുഖങ്ങളില്ലായിരുന്നു. വെള്ളിയാഴ്ചയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗിരീഷ് കുമാർ വിട പറഞ്ഞത്. അച്ഛന്റെ മരണത്തെ തുടർന്ന് നാട്ടിലേക്കുള്ള യാത്രക്കായി രാഗിൻ പലരോടായി കേണപേക്ഷിച്ചു. ഒടുവിൽ ഐ സി എഫാണ് സാഹചര്യം മനസ്സിലാക്കി രാഗിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഐ സി എഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ ഈ സമയത്ത് സീറ്റ് ഫുൾ ആകുകയും ചെയ്തിരുന്നു. എന്നാൽ നാട്ടിലേക്ക് ടിക്കറ്റെടുത്ത വ്യക്തി യാത്ര റദ്ദാക്കി രാഗിന് വഴി മാറിക്കൊടുത്തു.

പെട്ടെന്നുണ്ടായ യാത്രക്കുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി രാഗിന് ഐ സി എഫ് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. രാഗിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയതോടെ ഇന്നലെ നടത്താൻ നിശ്ചയിച്ച അച്ഛന്റെ അന്ത്യ ചടങ്ങുകൾ ഇന്ന് രാവിലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഗിനെ മുസ്‌ലിം ജമാഅത്ത് നേതാക്കൾ ബന്ധപ്പെടുകയും ആശ്വസിപ്പിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

 

 

നന്മയുടെ പ്രതീകമായി ഹനീഫ മദനി


കോഴിക്കോട് | നന്മയുടെ സന്ദേശമോതി ഒമാനിൽ നിന്ന് രാഗിന്റെ വിമാന യാത്രക്ക് വഴിമാറിക്കൊടുത്തത് കാസർകോട് പവ്വൽ സ്വദേശി ഹനീഫ മദനി. നാട്ടിൽ പോകാൻ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് സഹോദര സമുദായത്തിൽ പെട്ട യുവാവിന്റെ അടിയന്തര യാത്രക്ക് അദ്ദേഹം വഴിയൊരുക്കിയത്. എയർപോർട്ടിൽ ചെക്കിൻ ക്യൂവിൽ നിന്നാണ് ഇദ്ദേഹം രാഗിന്റെ യാത്രക്ക് വഴിമാറിക്കൊടുക്കുന്നത്.

ഭാര്യയുടെ അടിയന്തര തുടർചികിത്സക്ക് പല ശ്രമങ്ങളും നടത്തിയാണ് ഒടുവിൽ ഐ സി എഫ് ചാർട്ടേഡ് ഫ്‌ളൈറ്റിൽ ഹനീഫക്ക് നാട്ടിൽ പോകാൻ അവസരം ലഭിച്ചത്. എന്നാൽ തന്റെ യാത്രയേക്കാളും പ്രധാനം രാഗിന്റെ യാത്രയാണെന്ന കരുതലിലാണ് അദ്ദേഹം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായത്. ഇനിയെന്ന് നാട്ടിലേക്ക് തിരിക്കാനാകുമെന്ന് പോലും അറിയാതെയാണ് ഈ മാതൃക. നാല് വർഷമായി ഒമാനിലെ റുവിയിൽ മദ്‌റസാധ്യാപകനായി ജോലി ചെയ്യുകയാണ് ഹനീഫ മദനി.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്