Editors Pick
മഴക്കാലം: കരുതിയിരിക്കാം ഈ രോഗങ്ങളെ

കൊവിഡിന്റെ പിടിയിലമര്‍ന്ന് ശ്വാസം കിട്ടാതെ വലയുമ്പോള്‍ കേരളത്തിന് ഇനിയുമൊരു പകര്‍ച്ചവ്യാധി കൂടി താങ്ങാനുള്ള കരുത്തില്ല. ജൂണ്‍ ഒന്നിന് തന്നെ വിരുന്നെത്തിയ മണ്‍സൂണ്‍ കാലം ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കൊറോണ പോലൊരു മഹാമാരി പടര്‍ന്നു പിടിക്കുന്ന ഈ മഴക്കാലത്ത് നമ്മുക്ക് മറ്റ് രോഗങ്ങളെ എങ്ങനെ നേരിടാനാകും. നമ്മള്‍ തന്നെ സ്വയം ജാഗ്രത പാലിക്കുക എന്നതാണ് അതിനുള്ള പ്രധാന പരിഹാരം.
മഴക്കാലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക രോഗങ്ങള്‍ ആയിരിക്കും. മഴയൊന്ന് പെയ്ത് തുടങ്ങുമ്പോഴേക്കും രോഗങ്ങളും വിരുന്നെത്തും. ഇതോടെ ആശുപത്രികളില്‍ പനിരോഗികളുടെ തിരക്കായി മാറും. വിവധ തരം പനികളാണ് മഴക്കാലത്ത് ഉണ്ടാവുക. വൈറല്‍ പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, തുടങ്ങിയ രോഗങ്ങള്‍ ഒക്കെ മഴക്കാലത്ത് എത്തുന്നതാണ്.
ഇന്നത്തെ കാലവസ്ഥയില്‍ ഒരോ ദിവസവും പുതിയതരം പനികളാണ് കണ്ടെത്തുന്നത്. വിവിധതരം വൈറല്‍ പനികള്‍ സജീവമായ ഈ കാലത്ത് പനി ബാധിച്ചാല്‍ ചികിത്സ നര്‍ബന്ധമാണ്. മഴ തുടങ്ങിയതോടെ രോഗം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നമ്മള്‍ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം, വായു , കൊതുക് രോഗകാരികളായ വൈറസ്, ബാക്ടരീയ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്.
മഴ തുടങ്ങിയതോടെ എലിപ്പനി, ഡെങ്കിപ്പനി എന്നിവ വ്യാപിച്ച് തുടങ്ങി. പലയിടത്തും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ വൈറല്‍ പനികളും കൂടി ഒന്നിച്ച് നേരിടണ്ടി വന്നാല്‍ കേരളത്തിന് അത് താങ്ങാന്‍ കഴിയില്ല.
പകര്‍ച്ചപനികളുടെ വ്യാപനം തടയാന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാകേണ്ടതുണ്ട്. പനി ബാധിതര്‍ കൂടുതലായും സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത് അതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണ്ടതിന്റെ ആവശ്യകതയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കതും കൊറോണ വാര്‍ഡുകളാണ്. അതിനാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനാകില്ല.
വിവധ തരം പനികള്‍
വൈറല്‍ പനി
മഴക്കലാത്ത് ഏറ്റവും കൂടുതലായി കാണുന്ന പനികളില്‍ ഒന്നാണ് ഇത്. പലതരം വൈറസുകളാല്‍ ഉണ്ടാകുന്ന ഈ പനി വായുവിലൂടെയാണ് പകരുന്നത്. ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ഡെങ്കിപ്പനി
ഈഡിസ് കൊതുക് പരത്തുന്ന ഈ പനി സാധാരണ പനി പോലെ തന്നെയായതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകാറുണ്ട്. തലവേദന, ശരീരവേദന, കണ്ണിന് പിന്നില്‍ വേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.
എലിപ്പനി
എലിമൂത്രം കൊണ്ട് മലിനമായ ജലം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. തലവേദന, പേശി വേദന,വിറയലോടു കൂടിയ പനി, കണ്ണിന് ചുറ്റും ശക്തമായ വേദന തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങള്‍.
ചിക്കുന്‍ഗുനിയ
കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. സന്ധി വേദന, പ്രത്യേകിച്ചും കൈ,കാല്‍ മുട്ടുകളിലും ചെറിയ സന്ധികളിലും, വിറയലോടു കഠിനമായ പനി, കണ്ണിനു ചുമപ്പു നിറം വരിക, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, കടുത്ത പനിക്കുശേഷം പോളം പോലെയൊ കുരുക്കള്‍ പ്രത്യക്ഷപ്പെടുക, ചെറിയ തോതില്‍ രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ ആണ് പ്രധാനമായും കാണുന്നത്. ഇതു കൂടാതെ വയിലും അന്നനാളത്തിലും പരുപരുപ്പും, ഇടക്കിടെ ഛര്‍ദ്ദിയോ ഓക്കാനമോ ഉണ്ടാവാം.
നാം ശ്രദ്ധിക്കുക
- പുറത്ത് പോകുമ്പോള്‍ കുട കരുതുക,
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,
- വീടും പരിസരവും ശുചിയായി സൂക്ഷിക്കുക,
- രോഗിയുമായി നേരിട്ട് ബന്ധം പുലര്‍ത്താതിരിക്കുക,
- വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക,
- പഴയതും തുറന്നു വെച്ചതുമായ ഭക്ഷണം കഴിക്കാതെ ഇരിക്കുക,
- ചെരിപ്പിടാതെ നടക്കരുത്,
- ഭക്ഷണം കഴിക്കുന്നതിന് മുന്പും പുറത്ത് പോയി വന്നതിന് ശേഷവും നിര്‍ബന്ധമായി കൈകകള്‍ കഴുകുക.
- രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുക.
സാംക്രമിക രോഗങ്ങള്‍ ഒന്നിച്ചെത്തുന്നത് മഴക്കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. പകര്‍ച്ച വ്യാധികള്‍ പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് രോഗാണു വാഹകരാണ്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാലും ചിലരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. ഇത് വലിയ അപകടമാണ് വരുത്തിവെക്കുന്നത്. കുടിവെള്ളം മലിനമാകുന്നതിലൂടെയാണ് കൂടുതല്‍ രോഗങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ നാം സ്വയം ശ്രദ്ധിച്ചാല്‍ തന്നെ പല അസുഖങ്ങളെയും നമുക്ക് തടാനാകും.