Covid19
കൊവിഡ് ബാധിതരില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമത്;മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 139 മരണം

വാഷിംഗ്ടണ്‍ ഡിസി | കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ ആറാമതെത്തി. ഇന്ത്യയില്‍ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിനവും 9,000 കവിഞ്ഞതോടെയാണിത്. 24 മണിക്കൂറിനിടെ 9,378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്‍, തുര്‍ക്കി, പെറു, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നത്.
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 139 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയി ഉയര്‍ന്നുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ചമുംബൈയില്‍ മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ മരണസംഖ്യ 1,519 ആയി. നഗരത്തിലെ രോഗികളുടെ എണ്ണം 1,149 കേസുകള്‍ വര്‍ദ്ധിച്ച് 46,080 ആയി. താനെയില്‍ 38, പൂനെ, ജല്‍ഗാവ് എന്നിവിടങ്ങളില്‍ 14 വീതം, നാസിക്കില്‍ 10, രത്‌നഗിരിയില്‍ അഞ്ച്, സോളാപൂരില്‍ രണ്ട്, പാല്‍ഘര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും ഉണ്ടായി.
20 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ കേസുകളുടെ എണ്ണം 1,889 ആയി ഉയര്‍ന്നതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം, പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 71 മരണങ്ങളാണ് പ്രദേശത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.