Socialist
എന്തുകൊണ്ട് അവർ മരണം തിരഞ്ഞെടുക്കുന്നു?

ദേവികയെന്ന ഒമ്പതാം ക്ലാസുകാരിയുടെ മരണം ഞെട്ടിപ്പിക്കുന്നതും മനസ്സാക്ഷി മരവിപ്പിക്കുന്നതുമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടിയെന്ന് മാതാപിതാക്കള്‍ പറയുന്നു. ആത്മഹത്യയിലേക്കു നയിച്ചതും അതുതന്നെയാണെന്നാണ് ആരോപണം. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് മുന്‍കൂട്ടി എടുക്കാതെയും അവര്‍ക്ക് അത് ഏര്‍പ്പെടുത്തി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെയും അധികൃതര്‍ ധൃതി പിടിച്ച് ക്ലാസുകള്‍ തുടങ്ങിയതാണ് ഒരു കുരുന്നിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന ചര്‍ച്ചകള്‍ സജീവമാണ്. പഠനത്തില്‍ മിടുക്കിയായിട്ടും ദേവികക്ക് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. വികസന വിപ്ലവങ്ങള്‍ നടക്കുന്ന ഇന്നത്തെ കാലത്തും ദേവികയെ പോലെ നിരവധി കുട്ടികളുടെ വീട്ടിലും ഇത് തന്നെയാണ് സ്ഥിതി. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് ഇവിടങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുക തന്നെ വേണം.
ദേവിക സംഭവത്തില്‍ സര്‍ക്കാറിനെതിരെ വാളോങ്ങി പ്രതിപക്ഷം രംഗത്തെത്തിയതിനു പുറമെ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലുമെല്ലാം ഇതുസംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞു. പതിവു പോലെ വ്യത്യസ്ത പക്ഷങ്ങള്‍ പിടിച്ചുകൊണ്ടുള്ള അധരവ്യായാമത്തില്‍ അതും ഒതുങ്ങി എന്നത് നഗ്‌ന സത്യം. ഒരു മാറ്റവുമില്ലാതെയാണ് ഇത്തരം കാര്യങ്ങളുടെ പോക്ക്. അതവിടെ നില്‍ക്കട്ടെ. ഉന്നയിക്കുന്നത് മറ്റൊരു വശമാണ്…..
പൊതുവായെടുത്താല്‍ ചെറുപ്രായത്തിലെ ആത്മഹത്യകള്‍ക്കു പിന്നില്‍ പലപ്പോഴും നിസ്സാരമോ, പിന്നീട് പരിഹരിക്കാവുന്നതോ ആയ കാരണങ്ങളായിരിക്കും എന്നത് പകല്‍ പോലെ വ്യക്തം. ചെറിയ കാരണങ്ങള്‍ക്ക് പ്രകോപിതരാവുകയും കോപിക്കുകയും കടുംകൈകള്‍ പ്രവൃത്തിക്കുകയും ചെയ്യുന്നവരായി എന്തുകൊണ്ട് കുട്ടികളും യുവാക്കളും മാറുന്നു എന്ന ആഴമുള്ള ചര്‍ച്ച പുതിയ സംഭവമുണ്ടായപ്പോഴും വിരളമായത് നിരാശാജനകമാണ്. വെറും റിയാലിറ്റി ഷോകള്‍ പോലെയോ സീരിയലോ സിനിമയോ പോലെയോ ലാഘവത്തില്‍ കാണുന്ന ഒന്നായി ഗൗരവതരമായ ചര്‍ച്ചകളും മാറുന്നു എന്നത് വ്യക്തമാക്കുന്നതാണിത്.
നിസ്സാര പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുമ്പില്‍ പോലും പതറിപ്പോകുന്ന ദുര്‍ബല ഹൃദയരാണ് പുതിയ തലമുറയിലെ പല കുട്ടികളും. അതിജീവന ശ്രമങ്ങളല്ല, മരണമെന്ന എളുപ്പ വഴിയാണ് ഇത്തരം ഘട്ടങ്ങളില്‍ അവര്‍ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ വേര്‍പാട് കുടുംബത്തിനേകുന്ന തോരാ വേദനയെ കുറിച്ച് കടുംകൈക്കൊരുങ്ങുന്ന നിമിഷത്തില്‍ അവര്‍ ചിന്തിക്കുന്നേ ഉണ്ടാകില്ല. അതെ, അതിനിര്‍ണായകമായ ആ നിമിഷം…..അതു കടന്നുകിട്ടിയാല്‍ പുനര്‍വിചിന്തനമുണ്ടായി, സ്വയം ഹത്യ തിരഞ്ഞെടുക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറുമെന്നാണല്ലോ മനശ്ശാസ്ത്ര മതം.
പുതിയ തലമുറ എത്രമാത്രം ലോലമനസ്‌കരാകുന്നു എന്നത് വ്യക്തമാക്കുന്ന ഒരു സംഭവം പറയാം. കുറച്ചു മുമ്പുണ്ടായതാണ്. പ്ലസ് ടുക്കാരനായ ഒരു കുട്ടി കൂട്ടുകാരോടൊപ്പം ടൂര്‍ പോകാന്‍ അമ്മയോട് അനുവാദം ചോദിക്കുന്നു. അമ്മ സമ്മതം മൂളുന്നു. എന്നാല്‍ ബൈക്കെടുത്തു പോകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ അത് വിസ്സമതിക്കുന്നു. ഉടന്‍ വീട്ടിലെ മുറിയില്‍ കയറി വാതിലടക്കുന്ന മകന്‍ കെട്ടിത്തൂങ്ങി മരണമെന്ന അടുത്ത ഓപ്ഷനിലേക്കു പോകുന്നു. കുറച്ചു കാലം കൂടി മാത്രം കാത്തിരുന്നാല്‍ അവന് ബൈക്കില്‍ കൂട്ടുകാര്‍ക്കൊപ്പമോ അല്ലാതെയോ യാത്ര പോകാമായിരുന്നു. ജീവിതത്തിന്റെ ഒരുപാടൊരുപാട് സൗഭാഗ്യങ്ങള്‍ അനുഭവിക്കാമായിരുന്നു. അതിനെല്ലാം ഒരു നിമിഷത്തെ പ്രകോപനത്താല്‍, വീണ്ടുവിചാരത്തിന് സ്വയമനുവദിക്കാതെ ഫുള്‍സ്റ്റോപ്പിടുകയാണ്. ഇനിയും നീട്ടുന്നില്ല…..
എന്തുകൊണ്ടാണ് ബാല്യങ്ങള്‍ ചെറിയ നോവേല്‍ക്കുമ്പോഴേക്കും തകര്‍ന്നു പോകുന്നവരായി മാറുന്നത് ? ദേവികയുടെ മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും അത്യന്തം ഗൗരവതരമായ ഈ ആംഗിളിലേക്ക് ചര്‍ച്ചകളെ കൊണ്ടുപോകേണ്ടതല്ലേ?……..