Connect with us

International

അമേരിക്കയില്‍ പതിനായിരത്തോളം പ്രക്ഷോഭകര്‍ അറസ്റ്റില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവംശജനെ തന്റെ കാല്‍മുട്ട് ഉപയോഗിച്ച് വെള്ളക്കാരനായ പോലീസുകാരന്‍ ഞെരിച്ചുകൊന്നതിനെ തുടര്‍ന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചതിന് അമേരിക്കയിലുടനീളം 9300 പേരെ അറസ്റ്റ് ചെയ്തു. അതിനിടെ ഫിലാഡല്‍ഫിയ മുന്‍ മേയര്‍ ഫ്രാങ്ക് റിസോയുടെ വിവാദ പ്രതിമ പ്രതിഷേധക്കാര്‍ നീക്കം ചെയ്തു. മൂന്ന് മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയാണ് മുനിസിപ്പല്‍ സര്‍വീസസ് കെട്ടിടത്തില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ പൊളിച്ചത്.

അതിനിടെ മിസ്സൂറിയിലെ ഫെര്‍ഗൂസന്‍ നഗരത്തിന്റെ ആദ്യ കറുത്ത വംശജനായ മേയറെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ എല്ല ജോനസ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. നഗരത്തിന്റെ ആദ്യ വനിതാ മേയറും കൂടിയാണ് എല്ല. 2014ല്‍ പതിനെട്ടുകാരനായ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വംശജനെ പോലീസുകാര്‍ വെടിവെച്ചുകൊന്നതിനെ തുടര്‍ന്ന് ഫെര്‍ഗൂസനില്‍ വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. ഇത് രാജ്യവ്യാപകമാകുകയും ചെയ്തു.

അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്ത പോലീസുകാരനെ പിരിച്ചുവിട്ടു. കൊളറാഡോയിലെ ഡെന്‍വറിലാണ് “നമുക്ക് കലാപമാരംഭിക്കാം” എന്ന അടിക്കുറിപ്പോടെ പോലീസുകാരന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.

Latest