Covid19
കൊവിഡ് ചികിത്സയുടെ കണക്കുകള്‍ പുറത്തുവിട്ട് സംസ്ഥാനം

കൊച്ചി | കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. മേയ് 29 വരെ കൊവിഡ് രോഗമുണ്ടോയെന്ന് പരിശോധിക്കാനായുള്ള പി സി ആര്‍ ടെസ്റ്റിന് മാത്രം 11.33 കോടി രൂപ ചെലവഴിച്ചതായി കണക്കുകള്‍ പറയുന്നു. 1088 കൊവിഡ് രോഗികളെ ചികിത്സിച്ചു. ചികിത്സ പൂര്‍ണമായും സൗജന്യാമാണ്. ഇവരുടെ ക്വാറന്റീന്‍ ചെലവു മാത്രം ഏകദേശം 10.8 ലക്ഷം രൂപ വരും. ഭക്ഷണം, പി സി ആര്‍ പരിശോധനാ ചെലവുകള്‍ക്കു പുറമേയാണിത്. വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ സര്‍ക്കാര്‍ ക്വാറന്റീന്‍ ചെലവു സൗജന്യമാക്കണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു.
ഒരാളുടെ സര്‍ക്കാര്‍ ക്വാറന്റീനു പ്രതിദിനം മുറിവാടക ചെലവ് 1000 രൂപ വരും. വീട്ടിലേക്കു വിടുന്നതിനു മുമ്പ് രോഗലക്ഷണമുള്ളവരുടെ പി സി ആര്‍ പരിശോധനാ ചെലവ് 4000 രുപ. രോഗബാധ സ്ഥിരീകരിച്ചാല്‍ ആശുപത്രിയില്‍ പ്രതിദിനം ക്വാറന്റീന്‍ ചെലവ് 1000 രൂപ (ഭക്ഷണം, ചികിത്സാ ചെലവുകള്‍ പുറമെ). രണ്ട് തവണ തുടര്‍ച്ചയായി നെഗറ്റിവ് ആകും വരെ 48 മണിക്കൂര്‍ ഇടവിട്ടു നാലോ, അഞ്ചോ പി സി ആര്‍ പരിശോധന വേണ്ടിവരും. ഒരു കൊവിഡ് രോഗിയുടെ പ്രതിദിന ഐ സി യു ചികിത്സാ ചെലവ് 40,000 രൂപ വരും. ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ശരാശരി ഐസിയു ചെലവ് 84,000. രോഗി ശരാശരി അഞ്ച് മുതല്‍ പത്ത് ദിവസം വരെ ആശുപത്രിയില്‍ കിടക്കേണ്ടി വരും. 1088 രോഗികള്‍ക്കു ഈ ഇനത്തിലുള്ള ചെലവു മാത്രം 9.792 കോടി രൂപ വരുമെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
ഇതിന് പുറമെ കൊവിഡിനെ തുടര്‍ന്ന് ആശുപത്രികളിലും മറ്റും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും മറ്റ് സേവന രംഗത്തും കോടികളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനും കോടികള്‍ വിനിയോഗിച്ചിട്ടുണ്ട്.