Connect with us

National

വി ട്രാന്‍സ്ഫറിന് പൂട്ടിട്ട് കേന്ദ്രം; നിരോധനം കാരണം വ്യക്തമാക്കാതെ

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റായ വി ട്രാന്‍സ്ഫര്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെയ് 18ന് കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിരോധനത്തിന്റെ കാരണം ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. ദേശീയ സുരക്ഷയും പൊതു താത്പര്യവും മുന്‍നിര്‍ത്തി വെബ്‌സൈറ്റ് തടയണമെന്ന് മാത്രമാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ വി ട്രാന്‍സ്ഫര്‍ ബ്ലോക് ചെയ്യുകയും ചെയ്തു.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് പേര്‍ വര്‍ക്ക് അറ്റ് ഹോം നടത്തുന്നതിനിടെയാണ് ജനപ്രിയ ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റിന് കേന്ദ്രം പൂട്ടിടുന്നത്. സൈസ് കൂടിയ വീഡിയോ ഫയലുകള്‍ പോലുള്ളവ അയക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന വെബ്‌സൈറ്റാണ് വി ട്രാന്‍സ്ഫര്‍. ജിമെയില്‍ അടക്കം ഇമെയില്‍ പ്ലാറ്റ്‌ഫോമുകളില്‍ 25 എംബിയില്‍ കൂടുതല്‍ സൈസുള്ള ഫയലുകള്‍ അയക്കാനാവില്ല. ഇത്തരം ഘട്ടങ്ങളില്‍ വി ട്രാന്‍സ്ഫറാണ് മാധ്യമങ്ങള്‍ അടക്കം ഉപയോഗിക്കുന്നത്. വി ട്രാന്‍സ്ഫര്‍ വഴി ഒരേസമയം രണ്ട് ജിബി സൈസിലുള്ള ഫയലുകള്‍ വരെ സൗജന്യമായി അയക്കാനാകും. ഒരു യൂസര്‍ക്ക് പരമാവധി 20 ജിബി വരെ ഡാറ്റ ഇത്തരത്തില്‍ കൈമാറാം.

വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ ബ്ലോക് ചെയ്തതായി അറിയാന്‍ കഴിഞ്ഞുവെന്ന് വിട്രാന്‍സ്ഫര്‍ അധികൃതര്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. വെബ്‌സൈറ്റിന് നിരോധനമേര്‍പ്പെടുത്താനുള്ള കാരണം സംബന്ധിച്ച് തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഉടന്‍ തിരിച്ചുവരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു. അതേസമയം, നിരോധനം സംബന്ധിച്ച് പ്രതികരിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം തയ്യാറായിട്ടില്ല.

Latest