Gulf
എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എം എ യൂസഫലി

അബൂദബി | വളരെ ദു:ഖത്തോടെയാണ് ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന എം പി വീരേന്ദ്രകുമാറിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതെന്ന് എം എ യൂസുഫലി. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് വച്ച് നടന്ന കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ചായ കുടിച്ചതും ആശ്ലേഷിച്ചതും സുഖാന്വേഷണം നടത്തിയതുമാണ് ഓര്‍ വരുന്നത്. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്‌നേഹസമ്മാനമായി നല്‍കിയത്.
ഞാന്‍ അദ്ദേഹത്തെ ദീര്‍ഘദൃഷ്ടിയുള്ള ഒരു സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ എന്ന രീതിയിലായിരുന്നു നോക്കിക്കണ്ടിരുന്നത്. അദ്ദേഹം രചിച്ച “ഗാട്ടും കാണാച്ചരടുകളും”, “ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും” തുടങ്ങിയവ ലോകസാമ്പത്തിക രംഗത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന റഫറല്‍ ഗ്രന്ഥങ്ങളാണ്. എന്റെ ലൈബ്രറിയില്‍ അദ്ദേഹത്തിന്റെ രചനയായ ഹൈമവതഭൂവില്‍, രാമന്റെ ദു:ഖം ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുണ്ട്. സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ എന്നതിനു പുറമെ, കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌ക്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രഗത്ഭമായ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു വീരേന്ദ്രകുമാര്‍.
പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ തേടാറുണ്ടായിരുന്നു. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭൗതികദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. അദ്ദേഹത്തിന് ദൈവം നിത്യശാന്തി നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നതായും യൂസുഫലി പറഞ്ഞു.