Connect with us

Covid19

വെള്ളവും ഭക്ഷണവും ലഭിക്കാതെ യു പിയിലെ കൊവിഡ് ആശുപത്രി

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ കൊവിഡ് ആശുപത്രികളിലെ ദയനീയത വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. പ്രയാഗ് രാജിലെ സര്‍ക്കാര്‍ കൊവിഡ് ആശുപത്രിയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ വലയുന്ന രോഗികള്‍ പ്രതിഷേധിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

മൃഗങ്ങള്‍ക്ക് സമാനമായാണ് ആശുപത്രിയില്‍ നിന്ന് തങ്ങളോട് പെരുമാറുന്നതെന്ന് മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രോഗികള്‍ പറയുന്നു. നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാക്കി. ഞങ്ങളെന്താ മൃഗങ്ങളാണോ?. ഞങ്ങള്‍ക്ക് എന്താ വെള്ളം ആവശ്യമില്ലേ?” രോഗികളില്‍ ഒരാള്‍ വീഡിയോയില്‍ ചോദിക്കുന്നു. കൃത്യമായി ഭക്ഷണം കിട്ടുന്നില്ലെന്നും കിട്ടുന്ന ഭക്ഷണം പകുതി വേവിച്ചതാണെന്നും രോഗികള്‍ പറയുന്നു. നിങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ഞങ്ങള്‍ തരാം. ഇങ്ങനെ തുടരുകയാണെങ്കില്‍ ഞങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോകുമെന്നും രോഗികള്‍ വീഡിയോയില്‍ പറയുന്നു.

യോഗി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പാളിച്ചകള്‍ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൊവിഡ് ആശുപത്രികളുടെ ശോചനീയമായ അവസ്ഥയെക്കുറിച്ച് നേരത്തെ ആഗ്രയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. അതിഥി തൊഴിലാളികളെ പരിചരിക്കുന്നതില്‍ സംസ്ഥാനത്തുണ്ടായ വീഴ്ച ദേശീയ അടിസ്ഥാനത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. നിരവധി അതിഥി തൊഴിലാളികളാണ് ദുരിത യാത്രക്കിടെ യു പിയിലെ വിവിധ ഭാഗങ്ങളില്‍ മരണപ്പെട്ടത്. നേരത്തെ കൊവിഡ് ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് യോഗി സര്‍ക്കാര്‍ ഇറക്കിയത് വിവാദമായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.