Connect with us

Articles

തൊഴില്‍നഷ്ടം രാഷ്ട്രത്തെ വിഴുങ്ങുമോ?

Published

|

Last Updated

നാലാംഘട്ട ലോക്ക്ഡൗണ്‍ ഈ മാസം 31ന് അവസാനിക്കാനിരിക്കുകയാണ്. അപ്പോഴും രാജ്യത്തെ പലായനങ്ങള്‍ക്ക് അറുതി വന്നിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലേക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് കുഞ്ഞുങ്ങളെയും തോളിലേറ്റി നടക്കുന്ന തൊഴിലാളികള്‍ പറഞ്ഞത് പട്ടിണി കിടന്നു മരിക്കാന്‍ വയ്യെന്ന് മാത്രമാണ്. തൊഴില്‍ നഷ്ടപ്പെട്ട ജനതയാണ് ഗ്രാമങ്ങളിലേക്ക് നടക്കുന്നത്. രാജ്യത്തെ തൊഴില്‍ നഷ്ടം എത്രയാണെന്നതു സംബന്ധിച്ച ഒരു വിശകലനത്തിനും നമ്മുടെ മാധ്യമങ്ങളില്‍ ഇടം നല്‍കപ്പെടുന്നില്ല. ഇതിനുള്ള പരിഹാരങ്ങളെന്തെന്ന് മാധ്യമങ്ങള്‍ ഭരണകൂടത്തോട് ചോദിക്കുന്നുമില്ല. ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ ശബ്ദങ്ങള്‍ക്ക് ആരും ചെവികൊടുക്കുന്നുമില്ല. പഴയ പദ്ധതികള്‍ ദിവസങ്ങളെടുത്ത് പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനങ്ങള്‍ ചൂണ്ടിക്കാട്ടി, കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് നോക്കൂവെന്ന് ഹൈലൈറ്റ് ചെയ്തു കാണിച്ച് ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ചെയ്യുന്നത്.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ)യുടെ കണക്ക് പ്രകാരം ഇപ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 24.2 ശതമാനമാണ്. നഗര മേഖലകളില്‍ ഇത് 26.5 ശതമാനവും ഗ്രാമ മേഖലകളില്‍ 23.2 ശതമാനവുമാണ്. പോണ്ടിച്ചേരി, ബിഹാര്‍, ഹരിയാന, ത്രിപുര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. പോണ്ടിച്ചേരി 75.8, ഝാര്‍ഖണ്ഡ് 47.1, ഹരിയാന 43.2 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ഈ മാസത്തെ തൊഴിലില്ലായ്മാ നിരക്ക്. ആന്ധ്രാപ്രദേശ് 20.5, അസം 11.1, ബിഹാര്‍ 46.6, ഛത്തീസ്ഗഢ് 3.4, ഡല്‍ഹി 16.7, ഗോവ 13.3, ഗുജറാത്ത് 18.7, ഹിമാചല്‍ പ്രദേശ് 2.2, കര്‍ണാടക 29.8, കേരളം 17.0, മധ്യപ്രദേശ് 12.4, മഹാരാഷ്ട്ര 20.9, മേഘാലയ 10.0, ഒഡീഷ 23.8, പഞ്ചാബ് 2.9, രാജസ്ഥാന്‍ 17.7, സിക്കിം 2.3, തെലങ്കാന 6.2, ത്രിപുര 41.2, ഉത്തര്‍പ്രദേശ് 21.5, ഉത്തരാഖണ്ഡ് 6.5, പശ്ചിമ ബംഗാള്‍ 17.4 എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്ക്. യഥാര്‍ഥത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എത്രയാണ് വര്‍ധിച്ചിരിക്കുന്നത് എന്ന് വിലയിരുത്തണമെങ്കില്‍ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പത്തെ നിരക്കെത്രയാണെന്നു പരിശോധിക്കേണ്ടതുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചില്‍ രാജ്യത്തെ തൊഴിലില്ലാത്തവരുടെ ശതമാനം 8.75 മാത്രമായിരുന്നു. നഗര പ്രദേശങ്ങളില്‍ ഇത് 9.41ഉം ഗ്രാമങ്ങളില്‍ 8.44ഉം. ഏപ്രിലില്‍ ഇത് കുത്തനെ വര്‍ധിച്ച് 23.52ലേക്ക് ഉയര്‍ന്നു. ഒരു മാസം കൊണ്ട് വര്‍ധിച്ചത് രണ്ട് ഇരട്ടിയാണ്. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും തൊഴിലില്ലായ്മാ നിരക്ക് ഉയരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2019ലെ ഇതേ സന്ദര്‍ഭത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കേവലം 7.03 ശതമാനം മാത്രമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും തൊഴില്‍ നഷ്ടപ്പെട്ട എല്ലാവരെയും ഈ കണക്കുകളിലേക്ക് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അപ്പോള്‍ സി എം ഐ ഇയുടെ കണക്കുകളേക്കാള്‍ എത്രയോ അധികമായിരിക്കും രാജ്യത്തെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്താന്‍ ഈ കണക്കു പുസ്തകങ്ങളില്‍ ഒരു കോളവുമില്ല. അങ്ങനെ വരുമ്പോള്‍ തൊഴില്‍നഷ്ടം സംഭവിച്ചവരുടെ എണ്ണം ഒറ്റ നെടുവീര്‍പ്പില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതായി കഴിഞ്ഞാല്‍ സംഭവിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിഷയങ്ങള്‍ മറ്റൊരു വശത്തുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ ഒരു തൊഴില്‍ നഷ്ടം ഒരു കുടുംബത്തെയാണ് പട്ടിണിയിലേക്ക് തള്ളിവിടുന്നത്.

ഈ അവസരത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടി ആവശ്യമാണെന്നു തോന്നുന്നു. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും നല്ലതുവരാന്‍ പോകുന്നുവെന്ന് പറഞ്ഞ് നമ്മളെല്ലാം കൂടി ആഘോഷിച്ചതാണല്ലോ അത്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ ഉള്‍പ്പെടെ രണ്ട് ഘട്ടങ്ങളുള്ള സാമ്പത്തിക പാക്കേജില്‍ 20,97,053 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതികളില്‍ ആകെ എടുത്തുകാണിക്കാന്‍ ഉണ്ടായിരുന്നത് ബേങ്ക് വായ്പകളായിരുന്നു. യഥാര്‍ഥത്തില്‍ നിര്‍മലാ സീതാരാമന്റെ പാക്കേജുകള്‍ വഴി ആകെ ചെയ്തത് രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പ്രതിസന്ധിയിലാണെന്നു സമ്മതിക്കുക മാത്രമാണ്. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്നതിനും കൂടുതല്‍ കോര്‍പറേറ്റ് സൗഹൃദമാക്കുന്നതിനുമുള്ള ഭരണ പരിഷ്‌കാരങ്ങളും. കൊവിഡ് ഒരു അവസരമായി കാണണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചിലപ്പോഴെങ്കിലും ഇതോടൊപ്പം ചേര്‍ത്തു വായിക്കണമെന്നു തോന്നിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട ജനങ്ങളുടെ ആധികള്‍ പരിഹരിക്കുന്നതിനോ അവര്‍ക്ക് നേരിട്ട് പണമെത്തിക്കുന്നതിനോ പദ്ധതികളില്ല. അക്കാര്യത്തില്‍ കാര്യമായ ആകുലതകള്‍ ഭരണകൂടത്തിനില്ലെന്നാണ് ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന പാവം മനുഷ്യരെ ചൂണ്ടി സര്‍ക്കാര്‍ ചെലവില്‍ കഴിയുന്നവര്‍ പരിഹസിക്കുന്നത്.
ഈ മാസം 25 വരെ രാജ്യത്തൊട്ടാകെ 3,274 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയെന്നാണ് റെയില്‍വേ മന്ത്രാലയം പത്രക്കുറിപ്പിറക്കി വ്യക്തമാക്കിയത്. ഈ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളിലൂടെ 44 ലക്ഷത്തിലധികം പേര്‍ സ്വന്തം സംസ്ഥാനങ്ങളിലെത്തിയെന്നും ഈ മാസം 25ന് മാത്രം 223 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ 2.8 ലക്ഷം യാത്രക്കാരെ അവരുടെ നാടുകളിലെത്തിച്ചുവെന്നും റെയില്‍വേ പറയുന്നു. യഥാര്‍ഥത്തില്‍ മഹാനഗരങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട ജനതയാണ് ഈ 44 ലക്ഷത്തില്‍ അധികവും. വിദ്യാര്‍ഥികളും വിനോദത്തിനെത്തി കുടുങ്ങിപ്പോയ കുറച്ചുപേരും ഒഴികെ എല്ലാവരും തന്നെ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെയൊന്നും ഒരു സാമ്പത്തിക പാക്കേജും അഡ്രസ്സ് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഒരു തരത്തിലുള്ള ഉത്പാദനവും ഇപ്പോള്‍ കാര്യമായി നടക്കുന്നില്ല. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്നാണ് ആര്‍ ബി ഐ ഗവര്‍ണര്‍ പറയുന്നത്. ഇന്ത്യയില്‍ കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. ചരക്ക് കയറ്റുമതി ഏപ്രിലില്‍ 60.3 ശതമാനം കുറഞ്ഞു. ഇറക്കുമതി 58.6 ശതമാനവും കുറഞ്ഞു. ഉപഭോക്തൃ അവശ്യത്തിലെ (ഡിമാന്‍ഡ്) ഇടിവ് അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തെ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് ആര്‍ ബി ഐ കണക്കുകള്‍ പോലും വ്യക്തമാക്കുന്നത്. ഓരോ മേഖലയിലും തൊഴില്‍ നഷ്ടം സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ലോക്ക്ഡൗണ്‍ അവസാനിച്ചാലും നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമുള്ള തൊഴില്‍ നഷ്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്. നമ്മുടെ ചെറുപട്ടണങ്ങളിലുള്ള വളരെ ചെറിയ ഷോപ്പുകളില്‍ പോലും തൊഴില്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നുവെന്നുവേണം മനസ്സിലാക്കാന്‍. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുകയെന്നതാണ് ഏക മാര്‍ഗം. അതിനാണ് ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിക്കുന്നതിനും പണലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികള്‍ ആവശ്യമായി വരുന്നത്. ആര്‍ ബി ഐ ഇത്തരത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നില്ല.
ഇതിനിടെയാണ് കേന്ദ്രം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജനങ്ങള്‍ക്ക് മേല്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ജി എസ് ടിക്ക് മേല്‍ അഞ്ച് ശതമാനം കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള കരടിന് കേന്ദ്ര ധനകാര്യ മന്ത്രാലയം രൂപം നല്‍കിക്കഴിഞ്ഞതായാണ് അറിയുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കരടിനു അംഗീകാരം നല്‍കിയേക്കും. കേന്ദ്രം അനുഭവിക്കുന്ന വരുമാന നഷ്ടം ഒറ്റയടിക്ക് നികത്താനാണ് ശ്രമം നടത്തുന്നത്.

വ്യവസായ സ്ഥാപനങ്ങളും വിവിധ സേവന മേഖലകളും പ്രതിസന്ധി നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നല്ലതല്ലെന്ന നിലപാടാണ് പല സംസ്ഥാനങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ക്കുള്ളത്. അടുത്ത ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുമെന്നും ഈ ധനകാര്യ മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ബി ജെ പി ഇതര സര്‍ക്കാറുകളുള്ള സംസ്ഥാനങ്ങള്‍ ശക്തമായ വിയോജിപ്പ് അറിയിക്കുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും വിയോജിക്കാനാണ് സാധ്യത. യഥാര്‍ഥത്തില്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്തിയാല്‍ വിപണിക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണ് ചെയ്യുക. കൈയില്‍ പണമില്ലാത്ത ജനത സാധനങ്ങള്‍ വാങ്ങുന്നതിന് വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കണം. കൊവിഡ് സെസ് ആകട്ടെ സ്വാഭാവികമായും വിലക്കയറ്റത്തിന് ഇടയാക്കുന്നതുമാണ്. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഏതെങ്കിലും ഏജന്‍സികളില്‍ നിന്ന് പണം കടം വാങ്ങണം. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിസന്ധി മറികടക്കുന്നതിന് വഴി അതുമാത്രമാണ്. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 160 ബില്യണ്‍ ഡോളര്‍ (12 ലക്ഷം കോടി) കടമെടുക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സര്‍ക്കാറിന് ചെലവഴിക്കേണ്ടതുണ്ടെന്ന് കേന്ദ്രം കണ്ടതിനെത്തുടര്‍ന്നാണ് കടമെടുക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇതെല്ലാം ഉപേക്ഷിച്ച് കേന്ദ്രം എല്ലാ ഭാരങ്ങളും ഇപ്പോഴും ജനങ്ങളുടെ മേല്‍ ചുമത്താന്‍ തന്നെ തീരുമാനിച്ചതെന്ന് വ്യക്തമാകുന്നില്ല.

എങ്ങനെയായിരുന്നാലും രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്നൊന്നും തീര്‍ന്നുപോകില്ലെന്നാണ് ഓരോ സംസ്ഥാനങ്ങളിലും ആരോഗ്യ മന്ത്രാലയങ്ങള്‍ വഴി പുറത്തുവരുന്ന വിവരം. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നിട്ടുണ്ട്. മരണവും ഓരോ ദിനവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ഇനിയും ആവശ്യമായി വരുമെന്നുറപ്പാണ്. ഓരോ ചെറുകിട സ്ഥാപനങ്ങളും വരും ദിനങ്ങളിലും നഷ്ടത്തിലേക്ക് കൂപ്പുകുത്തും. കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കും. ഓരോ ഉത്പാദന മേഖലയിലും അതിന്റെ അനുബന്ധ മേഖലകളിലും തൊഴില്‍നഷ്ടം സംഭവിക്കുമെന്നുറപ്പാണ്. രാജ്യം കാണാനിരിക്കുന്നത് തൊഴിലില്ലായ്മയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു പോകുന്നതാണ്. ഉത്പാദന മേഖല സ്തംഭിക്കുന്നതിനനുസരിച്ച് സേവന മേഖലയും ശോഷിച്ചുപോകും. ആ മേഖലയിലും വരുമാനം കുറയും, തൊഴില്‍ നഷ്ടമാകുകയും ചെയ്യും. കേരളത്തില്‍ പോലും ബസ് സര്‍വീസുകള്‍ നടത്തുന്നവര്‍ തങ്ങളുടെ ബസുകള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തൊഴില്‍ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഭരണകൂടങ്ങള്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ ഈ ജനത അനുഭവിക്കാന്‍ പോകുന്നത് ചരിത്രത്തിലില്ലാത്ത പുതിയൊരു പ്രതിസന്ധിയായിരിക്കും.

Latest