Alappuzha
എം പി വീരേന്ദ്ര കുമാർ: പാവപ്പെട്ടവർക്കു വേണ്ടി നിലക്കൊണ്ട നേതാവ്-ചെന്നിത്തല

ആലപ്പുഴ | പാവപ്പെട്ടവരോട് ചേർന്നുള്ള വ്യക്തമായ നിലപാടുകളായിരുന്നു എം പി വീരേന്ദ്രകുമാറിനെ നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളിൽ വ്യാപൃതനായി തികഞ്ഞ സോഷ്യലിസ്റ്റ് എന്ന നിലയിൽ പാവപ്പെട്ടവർക്കു വേണ്ടി നിലക്കൊണ്ട നേതാവായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏറ്റവും സമുന്നതരായ നേതാക്കളിലൊരാളായിരുന്നു എം പി വീരേന്ദ്ര കുമാർ. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരാൾക്കും മറക്കാൻ കഴിയാത്ത വ്യക്തിത്വത്തിനുടമയായിരുന്നു. ജനാധിപത്യമുന്നണിയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴും മുന്നണി വിട്ടപ്പോഴും സൗഹൃദം നിലനിന്നിരുന്നു. അദ്ദേഹത്തിനൊപ്പം എം പിയാവാനും എം എൽ എ ആയി ഇരിക്കാനും ലഭിച്ച അവസരങ്ങളിലെ നർമം നിറഞ്ഞ ഭാഷയിൽ സംവദിക്കുന്നത് ഓർക്കുന്നു. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്.
മാതൃഭൂമി പത്രത്തിന് നേതൃത്വം കൊടുത്തു എന്ന നിലയിലും പ്രഭാഷകൻ, ചിന്തകൻ, എഴുത്തുകാരൻ, എന്ന നിലയിലെല്ലാം കേരളം അദ്ദേഹത്തെ എന്നും സ്മരിക്കും. കഴിഞ്ഞ ദിവസം നടന്ന എം പി മാരുടെ കോൺഫറൻസിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവസാന സമയം വരെ കർമനിരതനായ അദ്ദേഹത്തിന്റെ വേർപ്പാട് നാടിന് വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.