Covid19
രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്കു കൂടി കൊവിഡ്; ജയിലില്‍ നിയന്ത്രണം

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ക്കും കൂടി കൊവിഡ്. വെഞ്ഞാറമൂട്, വാമനപുരം സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നത് കണ്ടെത്തിയിട്ടില്ല. വീടിനു തീവച്ച സംഭവത്തിലും അക്രമക്കേസിലും പ്രതിയായ വാമനപുരം സ്വദേശിയെ 25-ന് റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. വെട്ടുകേസ് പ്രതിയായ വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയുടെ സ്രവം 26നാണ് പരിശോധനക്കയച്ചത്.
ഇതോടെ, സംസ്ഥാനത്തെ ജയിലുകളില്‍ പ്രതികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് പരിശോധനക്കു ശേഷം മാത്രം പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. പരിശോധനക്കായി ആശുപത്രികളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. നേരത്തെ, അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പോലീസ് ഉദ്യോഗസ്ഥരും പ്രതിയെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേട്ട്, പൂജപ്പുര ജയിലിലെ ജീവനക്കാര്‍ എന്നിവരും നിരീക്ഷണത്തിലാണ്.