Connect with us

National

ഉറുദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ അന്തരിച്ചു

Published

|

Last Updated

ഹൈദരാബാദ് | പ്രമുഖ ഉറുദു ഗ്രന്ഥരചയിതാവും ആക്ഷേപഹാസ്യക്കാരനുമായ മുജ്തബ ഹുസൈന്‍ (84) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മോദി സര്‍ക്കാര്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു.

മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ചെയ്തികളില്‍ വേദന പ്രകടിപ്പിച്ചാണ് അദ്ദേഹം പത്മശ്രീ തിരിച്ചുനല്‍കിയത്. മോദി സര്‍ക്കാര്‍ ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2007ലാണ് മുജ്തബ ഹുസൈന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഉറുദുവിലെ മാര്‍ക് ടൈ്വന്‍ എന്ന വിശേഷണമുള്ള അദ്ദേഹം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുന്‍നിര ഉറുദു പത്രമായ സിയാസതില്‍ നിന്നാണ് അദ്ദേഹം എഴുത്തിന്റെ മേഖലയിലെത്തുന്നത്. ഏതാനും വര്‍ഷം മുമ്പ് വരെ സിയാസതിലെ കോളമെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ഞായറാഴ്ച കോളം വായനക്കാരെ ഹഠാദാകര്‍ഷിച്ചു.

അദ്ദേഹത്തിന്റെ കൃതികളെ സംബന്ധിച്ച് ഇന്ത്യയിലെ വിവിധ ഗവേഷകര്‍ 12 പി എച്ച് ഡികള്‍ ചെയ്തിട്ടുണ്ട്. ഒറിയ, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, റഷ്യന്‍, ജാപനീസ് ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകള്‍ ഭാഷാന്തരപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഉറുദു ഭാഷക്ക് കനത്ത നഷ്ടമാണ്.