Connect with us

National

ഒരു പ്രതിസന്ധിയുമില്ല; മഹാരാഷ്ട്ര സര്‍ക്കാര്‍ സുദൃഢമെന്ന് ശിവസേന

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പ്രതിസന്ധിയെയും അഭിമുഖീകരിക്കുന്നില്ലെന്നും കെട്ടുറപ്പോടെ മുന്നോട്ടു പോവുകയാണെന്നും ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സഖ്യ കക്ഷി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ട് ഒന്നര മണിക്കൂര്‍ സമയമാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതെന്ന് ഉദ്ദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിരതയില്‍ സംശമുയര്‍ത്തിയുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ചു കൊണ്ട് റൗത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍, എന്തൊക്കെ വിഷയങ്ങളാണ് ഉദ്ദവും പവാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് രാജ്യസഭാ എം പി കൂടിയായ അദ്ദേഹം വെളിപ്പെടുത്തിയില്ല.

കൂടിക്കാഴ്ചക്കു മുന്നോടിയായി തിങ്കളാഴ്ച രാവിലെ എന്‍ സി പി അധ്യക്ഷന്‍ സംസ്ഥാന ഗവര്‍ണര്‍ ബി എസ് കോഷ്യാരിയെ കണ്ടിരുന്നു. എന്നാല്‍, ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് പവാര്‍ അദ്ദേഹത്തെ കണ്ടതെന്നും രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും ചര്‍ച്ചയായിട്ടില്ലെന്നുമാണ് എന്‍ സി പി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സംസ്ഥാനം ഭരിക്കുന്ന മഹാരാഷ്ട്ര വികാസ് അഗാധി (എം വി എ) സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ പിന്തുടര്‍ന്നാണ് കൂടിക്കാഴ്ചയെന്നത് നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുന്നതായി മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളായ പവാര്‍ തുറന്നടിച്ചിരുന്നു. കൊവിഡ് 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതായി ആരോപിച്ച് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്തിടെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest