National
അറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി; രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രതിഷേധവും ബഹളവും

മുംബൈ |ഇടവേളക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനു പിന്നാലെ മിക്ക സര്‍വീസുകളും റദ്ദാക്കിയത് വിമാനത്താവളങ്ങളില്‍ അനശ്ചിതത്വം പടര്‍ത്തി. ഡല്‍ഹി, മുംബൈ എന്നിങ്ങനെ വന്‍ നഗരങ്ങളില്‍നിന്നടക്കം നിരവധി സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്നുള്ളതും ഡല്‍ഹിയിലേക്കുള്ളതുമായ 82 സര്‍വീസുകളാണ് റദ്ദാക്കിയത്. അവസാന നിമിഷംവരെ അറിയിപ്പ് നല്‍കാതെയുള്ള റദ്ദാക്കല്‍ വിമാനത്താവളങ്ങളിലും വലിയ ആശയക്കുഴപ്പവും ബഹളവും സൃഷ്ടിച്ചു. വിമാനം റദ്ദാക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു.
ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.
സമാനമായ സാഹചര്യമാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലും അരങ്ങേറിയത്. വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ ഒമ്പതു സര്‍വീസുകള്‍ റദ്ദാക്കി.