Covid19
ഭീകരമാംവിധം വര്‍ധിച്ച് രാജ്യത്തെ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 6977 രോഗബാധിതരും 154 മരണവും

ന്യൂഡല്‍ഹി | നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജ്യത്തെ കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം വര്‍ധിക്കുന്നു. 24മണിക്കൂറിനിടെ 6977 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍. തുടര്‍ച്ചയായി നാലാം ദിനമാണ് 6000ത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആശങ്ക വര്‍ധിപ്പിക്കുന്നു. 1,38,845 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. 24 മണിക്കൂറിനിടെ മാത്രം 154 പേര്‍ മരിച്ചു.
കോവിഡ് മോശമായി ബാധിച്ച പത്താം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗ്യവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 3041 കേസുകളും 58 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 50.231ഉം ജീവന്‍ നഷ്ടപ്പെട്ടവര്‍ 1635 പേരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ എട്ട് മരണവും 765 പുതിയ കേസുകളുമാണുണ്ടായത്. സംസ്ഥാനത്ത് ഇതിനകം 16,277 പേര്‍ രോഗബാധിതരാകുകയും 111 പേര്‍ മരണപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ 14056 പേര്‍ക്കാണ് രോഗം ബാധിച്ചത്. 858 പേര്‍ മരണപ്പെട്ടു. 24 മണിക്കൂറിനിടെ മാത്രം 29 മരണവും 392 കേസുകളുമുണ്ടായി. ഡല്‍ഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബംഗാളിലുമെല്ലാം രോഗികളുടേയും ജീവന്‍ നഷ്ടപ്പെടുന്നവരുടേയും എണ്ണം അനിയന്ത്രിതമായി വളരുകയാണ്.