മനമുരുകിയ പ്രാര്‍ഥനകളോടെ ഹറമില്‍ ഖത്മുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയായി

Posted on: May 22, 2020 9:22 pm | Last updated: May 22, 2020 at 9:25 pm

ദമാം | മനമുരുകിയ പ്രാര്‍ഥനകളോടെ മസ്ജിദുല്‍ ഹറമില്‍ ഖത്മുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയായി. ഇരുഹറം കാര്യ മേധാവി ഡോ: അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഈ അനുഗൃഹീത രാവുകളില്‍ ലോക സമാധാനത്തിനും ക്ഷമയും സമാധാനവും പുലരുന്നതിനും പ്രവാചകചര്യ മുറുകെപ്പിടിച്ച് ജീവിക്കാനും കൊറോണയെന്ന മഹാവിപത്തില്‍ നിന്ന് മുക്തി ചോദിച്ചുമാണ് ഈ വര്‍ഷത്തെ സമാപന പ്രാര്‍ഥന പൂര്‍ത്തിയായത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഈ വര്‍ഷം തഹജ്ജുദ് നിസ്‌കാരത്തില്‍ വെച്ച് ഖത്മുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയത്.

കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉംറയും സിയാറത്തും ഈ വര്‍ഷം നിര്‍ത്തിവച്ചിരുന്നു. ഹറം കാര്യാലയ ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഹറം ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ മാത്രമാണ് ജമാഅത്ത്, ജുമുഅ, തറാവീഹ് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിച്ചത്. അകലം പാലിച്ചും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുമാണ് ആളുകളെ ഹറമിലേക്ക് പ്രവേശിപ്പിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ ഇരുഹറമുകളില്‍ മാത്രമാണ് ജുമുഅ, ജമാഅത്ത്, തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളിലും ബാങ്ക് വിളി മാത്രമാണ് നിര്‍വഹിക്കുന്നത്.

എല്ലാ വര്‍ഷവും റമസാന്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇരുഹറമുകളിലും ലക്ഷങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുക. കഴിഞ്ഞ വര്‍ഷം ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുക്കുന്നതിനായി സ്വദേശികളും വിദേശികളുമടക്കം 15 ലക്ഷത്തിലധികം പേരാണ് ഇരുഹറമുകളിലെത്തിയത്.