Connect with us

Covid19

ഇന്ത്യയില്‍ നിന്നും 213 ആരോഗ്യ പ്രവര്‍ത്തകര്‍ സഊദിയിലെത്തി

Published

|

Last Updated

ദമാം | അവധിക്കായി സ്വദേശങ്ങളിലേക്ക് മടങ്ങിയ 213 ആരോഗ്യ പ്രവര്‍ത്തകര്‍ സഊദിയില്‍ തിരിച്ചെത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സഊദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലാണ് തിരിച്ചു പോകാനാകാതെ ഇവര്‍ക്ക് നാട്ടില്‍ തന്നെ കഴിയേണ്ടി വന്നത്.
അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. ഇതു പ്രകാരമാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍ തുടങ്ങിയവര്‍ അബഹാ വിമാനത്താവളത്തിലിറങ്ങിയത്.

രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള സേവനങ്ങള്‍ക്കായാണ് അവധിക്ക് മടങ്ങിയവരെ പ്രത്യേക വിമാനത്തില്‍ സഊദിയിലെത്തിച്ചത്. ആരോഗ്യ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ പതിനാല് ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റി. അസീര്‍ മേഖല ആരോഗ്യ വിഭാഗം വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ സംഘമാണ് സഊദിയിലെത്തുന്നത്. 200 പേരടങ്ങുന്ന ആദ്യ സംഘം മെയ് രണ്ടാം വാരത്തില്‍ തബൂക്കില്‍ എത്തിയിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാസ്‌പോര്‍ട്ട് വിഭാഗം അസീര്‍-നജ്റാന്‍ മേഖലയിലെ ആരോഗ്യ വിഭാഗം മേധാവി ഖാലിദ് ബിന്‍ ആഇദ് അസീരിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. റോസാപ്പൂക്കളും സമ്മാനങ്ങളും നല്‍കിയാണ് ഇന്ത്യയില്‍ നിന്നുള്ളവരെ സ്വീകരിച്ചത്.