Covid19
കേരളത്തിലെ കൊവിഡ് രോഗികളുടെ വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

തിരുവനന്തപുരം | കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നതിനുള്ള കരാറില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. ഇനി മുതല്‍ കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിവര വിശകലനവും നടത്തുക സര്‍ക്കാര്‍ ഏജന്‍സിയായ സി ഡിറ്റ് ആയിരിക്കും. വിവരണ ശേഖരത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയ വിവരം സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
സ്പ്രിന്‍ക്ലറുമായി ഇനി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന് മാത്രമുള്ള കരാര്‍ മാത്രമാണ് നിലനില്‍ക്കുക. വിവര വിശകലനത്തിന് അനുവദിക്കില്ല. ആമസോണ്‍ ക്ലൗഡിലെ ഡാറ്റ ഇനി സ്പ്രിന്‍ക്ലറിന് ഉപയോഗിക്കാന്‍ കഴിയില്ല. ഇത് സി ഡിറ്റിന്റെ നിയന്ത്രണത്തിലാകും. സ്പ്രിന്‍ക്ലറിന്റെ പക്കലുള്ള ഡാറ്റ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സ്പ്രിന്‍ക്ലറിന്റെ ആപ്ലിക്കേഷന്‍ തന്നെയാണ് സര്‍ക്കാര്‍ ഇനിയും ഉപയോഗിക്കുക. ആദ്യഘട്ടത്തില്‍ സ്പ്രിന്‍ക്ലര്‍ നല്‍കിയ സാങ്കേതിക സേവനം ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ നിയന്ത്രണം സി- ഡിറ്റിന് ആയിരിക്കും. ഈ സാഹചര്യത്തില്‍ സിപ്രിന്‍ക്ലറുമായി കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ക്ക് നിലനില്‍പ്പില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.