Connect with us

Gulf

'ഔദ' പദ്ധതി പ്രവര്‍ത്തികമായി; ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുന്നു

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ കുടുങ്ങിയ വിദേശികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയ “ഔദ” പദ്ധതി വഴി രജിസ്റ്റര്‍ ചെയ്തവരുടെ മടക്കയാത്ര ആരംഭിച്ചു, ആദ്യ ഘട്ടത്തില്‍ ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയത്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച “ഔദ” പദ്ധതിയില്‍ ഇതുവരെ ഒന്നര ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്ത് മടക്കയാത്രക്കായി കാത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും ഇന്ത്യക്കാരാണ്.

സഊദി അറേബ്യ “ഔദ” രജിസ്ട്രേഷന്‍ തുടങ്ങിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചത്. ഔദ വഴി അപേക്ഷ നല്‍കിയാല്‍ അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയും യാത്രാനുമതി ലഭ്യമായാല്‍ യാത്രക്കുള്ള തീയതിയും ടിക്കറ്റ് വിശദാംശങ്ങളും മൊബൈലില്‍ സന്ദേശമായി ലഭിക്കുകയും ഈ തുക അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ട് വിമാനത്താവളത്തിലെത്തുകയും ചെയ്യുന്ന രീതിയിലാണ് ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

70,000ത്തോളം പേരാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി കാത്തിരിക്കുന്നത്. ഇവരില്‍ 1000ത്തോളം പേര്‍ക്ക് മാത്രമാണ് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷമാണ് മനിലയിലേക്കും കാബൂളിലേക്കും സഊദി എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഈജിപ്ത്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യക്കാരെയാണ് റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്തവളങ്ങള്‍ വഴി നാട്ടിലെത്തിക്കുക.

Latest