Connect with us

Covid19

കൊവിഡിന്റെ ഉത്ഭവം എവിടെ? അന്വേഷണം ആവശ്യപ്പെട്ടുള്ള ഇ യു പ്രമേയത്തിന് വ്യാപക പിന്തുണ

Published

|

Last Updated

ലണ്ടന്‍ | ലോകത്ത് ഇതുവരെ മൂന്നു ലക്ഷത്തോളം പേരെ കൊലപ്പെടുത്തിയ കൊവിഡ് വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിന് അന്വേഷണം ആവശ്യപ്പെട്ടുള്ള യൂറോപ്യന്‍ യൂണിയന്‍ (ഇ യു) പ്രമേയത്തിന് വ്യാപക പിന്തുണ. സാര്‍സ്-കോവ്-2 വാറസിന്റെ ഉറവിടം, മനുഷ്യരിലേക്ക് ഇതു പടര്‍ന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ സമഗ്രവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രമേയം ഡബ്ല്യു എച്ച് ഒ മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയുള്‍പ്പെടെ നൂറിലധികം രാഷ്ട്രങ്ങളാണ് ഇതിന് പിന്തുണയുമായി മുന്നോട്ടു വന്നിട്ടുള്ളത്.

ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)യുടെ നയരൂപവത്ക്കരണ സമിതി യോഗത്തിനു മുന്നോടിയായാണ് പ്രമേയവുമായി ഇ യു രംഗത്തെത്തിയത്. അന്താരാഷ്ട്ര സമയം വൈകിട്ട് 3.30നാണ് ഡബ്ല്യു എച്ച് ഒ നയരൂപവത്ക്കരണ സമിതിയുടെ യോഗം ചേരുന്നത്. സംഘടനയുടെ ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം നടക്കുക.

ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊവിഡ് രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, വൈറസിന്റെ ഉറവിടം മറ്റെവിടെയോ ആണെന്നാണ് ചൈന പറയുന്നത്. യു എസിനു നേരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഒന്നിലധികം പേര്‍ വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഉടന്‍ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയാറായില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ ആരോപിച്ചിട്ടുണ്ട്.

ആസ്‌ത്രേലിയയാണ്, ചൈനയെ ലക്ഷ്യം വച്ചുള്ള പ്രമേയത്തിന് പിന്തുണ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്തുണ കൂടി വരുന്നതിനെ ആസ്‌ത്രേലിയ സ്വാഗതം ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. തങ്ങള്‍ ആരംഭിച്ച ചര്‍ച്ചയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഇ യു പ്രമേയമെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മേരിസ് പയ്‌നെ പറഞ്ഞു. ആസ്‌ത്രേലിയക്കെതിരെ കടുത്ത പ്രതികരണവും നടപടികളുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. നാല് ആസ്‌ത്രേലിയന്‍ വിതരണ കമ്പനികളില്‍ നിന്നുള്ള ബീഫ് ഇറക്കുമതി ചൈന റദ്ദാക്കി. ഇതിനു പുറമെ ബാര്‍ളി ഇറക്കുമതിക്ക് കനത്ത ചുങ്കം ഏര്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.

സഊദി അറേബ്യ, ഖത്വര്‍, ആഫ്രിക്കന്‍ ഗ്രൂപ്പിലെ 54 രാഷ്ട്രങ്ങള്‍ തുടങ്ങി 123 ഡബ്ല്യു എച്ച് ഒ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. കൊവിഡ് വിഷയത്തില്‍ ചൈനയുടെ പങ്ക് അന്വേഷിക്കണമെന്നു മാത്രമല്ല, ഡബ്ല്യു എച്ച് ഒ നേതൃത്വത്തെ പ്രത്യേകിച്ച് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രെയെസസിനെ വിചാരണ ചെയ്യണമെന്നും പ്രമേയം ആവശ്യമുന്നയിച്ചിട്ടുണ്ട്.