National
ഉദ്ദവ് താക്കറെ ഇന്ന് എം എല്‍ സിയായി സത്യപ്രതിജ്ഞ ചെയ്യും

മുംബൈ | മാഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ദവ് താക്കറെ ഇന്ന് ഉച്ചക്കു ശേഷം നിയമസഭാ കൗണ്‍സില്‍ അംഗമായി (എം എല്‍ സി) യായി സത്യപ്രതിജ്ഞ ചെയ്യും. ഇതാദ്യമായാണ് ശിവസേനാ അധ്യക്ഷനായ വ്യക്തി നിയമസഭാ കൗണ്‍സില്‍ അംഗമാകുന്നത്. താക്കറെ കുടുംബത്തില്‍ നിന്ന് രണ്ടാമത്തെയാളും. ഉദ്ദവിന്റെ മകന്‍ ആദിത്യയാണ് ആദ്യം അംഗമായത്.
മുഖ്യമന്ത്രിയാകുമ്പോള്‍ അംഗമല്ലാതിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനു ശേഷം ഉദ്ദവ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളും പിന്തുണച്ചാല്‍ തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ നിലവിലെ മുഖ്യമന്ത്രിക്ക് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന ഭരണഘടനയുടെ ആനുകൂല്യം അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു.
ഭരണഘടന അനുശാസിക്കും പ്രകാരം മെയ് 27നു മുമ്പാണ് ഉദ്ദവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. മഹാരാഷ്ട്രയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ രണ്ടു സഭകളുണ്ട്. മുഖ്യമന്ത്രിയായി തുടരാന്‍ ഇതിലേതെങ്കിലും ഒരു സഭയില്‍ ഉദ്ദവ് അംഗമാകേണ്ടിയിരുന്നു.