Connect with us

Covid19

കൊവിഡ്: വിദേശത്ത് പൊലിഞ്ഞത് 134 മലയാളികൾ; ഗൾഫ് രാജ്യങ്ങളിൽ മരിച്ചത് 86 പേർ

Published

|

Last Updated

തിരുവനന്തപുരം | ലോകത്ത് ഭീതി ഒഴിയാതെ പടർന്നുപിടിക്കുന്ന കൊവിഡ് 19 മഹാമാരിയിൽ വിദേശ രാജ്യങ്ങളിൽ പൊലിഞ്ഞത് 134 മലയാളി ജീവനുകൾ. മാർച്ച് 31 മുതലുള്ള കണക്കുകൾ പ്രകാരം വിവിധ വിദേശ രാജ്യങ്ങളിലായി 134 മലയാളികളാണ് മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. 86 മലയാളികൾക്കാണ് ജി സി സി രാജ്യങ്ങളിൽ കൊവിഡ് മൂലം ജീവഹാനി നേരിട്ടത്. ഇതിൽ 59 പേരും യു എ ഇ മലയാളികളാണ്. ഗൾഫ് നാടുകളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിൽ പ്രവാസി സമൂഹം ആശങ്കയിലാണ്. പ്രവാസി മലയാളികളുടെ മരണ സംഖ്യയിൽ യു എ ഇക്ക് തൊട്ടുപിന്നിൽ നിൽക്കുന്നത് അമേരിക്കയാണ്.

അമേരിക്കയിൽ മരിച്ചത് 33 പ്രവാസി മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിൽ സഊദി അറേബ്യയിൽ 12 പേരും കുവൈത്തിൽ 10 പേരും ഒമാനിലും ബഹ്‌റൈനിലും രണ്ട് പേർ വീതവും ഖത്വറിൽ ഒരാളുമാണ് മരിച്ചത്. യൂറോപ്പിൽ ബ്രിട്ടനിൽ 11 മലയാളികളും ഇറ്റലിയിൽ രണ്ട് പേരും (മാർച്ച് 31 ശേഷം) അയർലൻഡിലും ജർമനിയിലും ഒരാൾ വീതവും മരിച്ചിട്ടുണ്ട്.

വിദേശത്ത് മരിച്ച മലയാളികളിൽ കൂടുതൽ പേർ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള 19 പേരാണ് വിവിധ വിദേശ രാജ്യങ്ങളിൽ മരിച്ചത്. തൊട്ടുപിറകെ തൃശൂരിൽ നിന്നുള്ള 18 പേരും പത്തനംതിട്ട സ്വദേശികളായ 17 പേരുമുണ്ട്. കൊല്ലത്ത് നിന്ന് 11ഉം തിരുവനന്തപുരത്ത് പത്തും എറണാകുളത്ത് ഒമ്പത് പേർക്കും വിദേശത്ത് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്നരക്കോടി മലയാളികളിൽ മൂന്ന് പേർ മരിച്ചപ്പോഴാണ് 40 ലക്ഷത്തിൽ താഴെ വരുന്ന പ്രവാസികളിൽ 134 പേർ മരിച്ചതെന്നത് ശ്രദ്ധേയമാണ്. വിദേശത്ത് യഥാസമയം വൈദ്യസഹായം ലഭിക്കാത്തതും പരിചരണം ലഭിക്കാത്തതുമാണ് മരണ നിരക്ക് കൂടാൻ കാരണമെന്നും ഇവിടങ്ങളിൽ വൈറസ് ബാധയേറ്റവർക്ക് വൈദ്യസഹായമെത്തിക്കാൻ അടിയന്തര നടപടികളാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.

---- facebook comment plugin here -----

Latest