Covid19
ജിദ്ദയില്‍ നിന്ന് 149 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്കു പറന്നു

ജിദ്ദ | സഊദിയില്‍ നിന്നും കേരളത്തിലേക്ക് 149 പേര്‍ വ്യാഴാഴ്ച ജിദ്ദയില്‍ നിന്നും യാത്ര തിരിച്ചു. ജിദ്ദയില്‍ നിന്നും കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്. നേരത്തെ ഡല്‍ഹിയിലേക്ക് വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനാല്‍ വിമാന സര്‍വീസ് കേരളത്തിലേക്ക് റീ-ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച കോഴിക്കോട്ടേക്കും പ്രത്യേക വിമാന സര്‍വീസ് നടത്തിയിരുന്നു.
ഉച്ചക്ക് രണ്ടിന് യാത്ര തിരിച്ച എയര്‍ ഇന്ത്യയുടെ എ 960 വിമാനത്തില്‍ അടിയന്തര ചികിത്സക്കായി നാട്ടിലേക്ക് മടങ്ങേണ്ട 31 രോഗികള്‍, 37 ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയിലെത്തിയ 36 പേര്‍, ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി കഴിഞ്ഞ 40 പേര്‍ എ്ന്നിവരുള്‍പ്പെടെ 149 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ കേരളത്തിലേക്ക് രണ്ട് സര്‍വീസുകള്‍ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, സൗകര്യങ്ങള്‍ ഒരുക്കിയ സഊദി സര്‍ക്കാറിനും എയര്‍ ഇന്ത്യക്കും നന്ദി അറിയിക്കുന്നതായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു.