Connect with us

Covid19

ലോക പ്രാര്‍ത്ഥനാ സമ്മേളനം നാളെ; ഇന്ത്യയെ പ്രതിനിധീകരിച്ച് കാന്തപുരം നേതൃത്വം നല്‍കും

Published

|

Last Updated

കോഴിക്കോട് | കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാനായി ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചു യു.എ.ഇയിലെ പ്രധാന സാംസ്‌കാരിക നയതന്ത്ര സംഘടനയായ ഹ്യൂമണ്‍ ഫ്രറ്റേര്‍ണിറ്റി സംഘടിപ്പിക്കുന്ന ലോക പ്രാര്‍ത്ഥനാസമ്മേളനം നാളെ വ്യാഴാഴ്ച നടക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഭാഗമായി പരിപാടികള്‍ നടക്കും. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി മാനവരാശിയെ മുഴുവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. ലോകത്തിന്റെ സുഗമമായ മുന്നേറ്റത്തിന് ഈ രോഗഭീഷണി മാറിയേ മതിയാവൂ. കൊറോണ രോഗത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രജ്ഞര്‍ നടത്തുന്ന യത്‌നങ്ങള്‍ക്ക് പെട്ടെന്ന് ഫലം കാണണം. രോഗത്തിന്റെ അവസാന അംശവും പ്രപഞ്ചത്തില്‍ നിന്ന് ഇല്ലാതാവണം. അതിനു വേണ്ടിയാണ് ലോകപ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ ദിനത്തില്‍ ഉപവാസത്തിനും പ്രാര്‍ത്ഥനക്കുമായുള്ള ആഹ്വാനം അന്താരാഷ്ട്ര നേതാക്കള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കൊറോണ വൈറസ് രൂപപ്പെടുത്തിയ വിഷമഘട്ടത്തില്‍ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി നാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് ശൈഖുല്‍ അസ്ഹര്‍ ശൈഖ് അഹമ്മദ് തയ്യിബും പോപ്പ് ഫ്രാസിസ് മാര്‍പാപ്പയും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടോറസും സന്ദേശത്തില്‍ പറഞ്ഞു.

അബുദാബി ക്രൗണ് പിന്‍സ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹിയാന്‍, ബഹ്‌റയിന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, ചേച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ കര്‍ഡോവ്, പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്, ലബനോന്‍ പ്രസിഡന്റ് മിഖേയേല്‍ ഒഊന്, അറബ് ഇസ്‌ലാമിക് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഹോസനി അടക്കമുള്ള നിരവധി മത രാഷ്ട്ര നേതാക്കളും പ്രാര്‍ത്ഥനാസംഗമത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്നിട്ടുണ്ട്.

ഹ്യൂമന്‍ ഫ്രറ്റേണിറ്റിയുടെ ഉന്നത സമിതിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഓണ്‍ലൈനില്‍ സംബന്ധിക്കും. ഇന്ത്യന്‍ സമയം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് https:www.youtube.com/sheikhaboobacker എന്ന യുട്യൂബ് പേജില്‍ പ്രാര്‍ത്ഥന സദസ്സ് ലൈവ് ആയി സംപ്രേക്ഷണം ചെയ്യും.