Connect with us

Editorial

"ആരോഗ്യ സേതു' സ്വകാര്യതക്ക് ആപ്പ് വെക്കുമോ?

Published

|

Last Updated

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈല്‍ അപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന വാദവുമായി ഹാക്കര്‍മാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഈ ആപ്പിന്റെ വേര്‍ഷന്‍ ഹാക്കര്‍മാര്‍ക്ക് അനായാസം കയറിച്ചെല്ലാന്‍ പറ്റുന്നതാണെന്നും ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനവിഭാഗത്തിന്റെ വിവരങ്ങള്‍ അപകടത്തിലാണെന്നും തെളിവു സഹിതമാണ് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ വ്യക്തമാക്കിയത്. ആരോഗ്യ സേതു തീര്‍ത്തും സുരക്ഷിതമാണെന്ന് അധികൃത കേന്ദ്രങ്ങള്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ,് ഇതു വഴി പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ പുറത്തു വിട്ടുകൊണ്ട് സര്‍ക്കാര്‍ അവകാശവാദത്തിന്റെ പൊള്ളത്തരം ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ തുറന്നു കാട്ടിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍, ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് പേര്‍, ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് പേര്‍, ഒരു പാര്‍ലിമെന്റ് അംഗം എന്നിവർക്ക് കൊവിഡ് ബാധിച്ച വിവരമാണ് അദ്ദേഹം ചോര്‍ത്തിയത്. നേരത്തേ ആധാര്‍ കാര്‍ഡില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതും ഇല്ലിയട്ട് ആല്‍ഡേര്‍സണായിരുന്നു. അടിസ്ഥാന കോഡിംഗ് പരിജ്ഞാനമുള്ള ആര്‍ക്കും ആധാര്‍ ഡാറ്റകള്‍ നേടാന്‍ കഴിയുമെന്നാണ് തെളിവുസമേതം അന്നദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കൊറോണ വൈറസ് ആരില്‍ നിന്നും പടരാം. പരിചിതരില്‍ നിന്ന് മാത്രമല്ല, അപരിചിതരില്‍ നിന്നുമാകാം. അപരിചിതനില്‍ നിന്ന് രോഗം പടര്‍ന്നാല്‍ രോഗലക്ഷണം പ്രകടമാകുന്നതിനു മുമ്പ് അതിനെക്കുറിച്ചറിയാനോ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ “ആരോഗ്യ സേതു” വികസിപ്പിച്ചെടുത്തത്. സ്മാര്‍ട്ട് മൊബൈല്‍ ഫോണുള്ള രണ്ട് പേര്‍ അടുത്ത് വന്നാല്‍, രണ്ട് മൊബൈല്‍ ഫോണിലെയും ആരോഗ്യ സേതു ആപ്പ് ആ വിവരം രേഖപ്പെടുത്തും. ഇതിലേതെങ്കിലുമൊരു മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് പിന്നീട് കൊവിഡ് 19 വന്നാല്‍ അയാള്‍ അത് തന്റെ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തണം. അതോടെ മറ്റേ മൊബൈല്‍ ഫോണിന്റെ ഉടമസ്ഥന് കൊവിഡ് സാധ്യത ഉണ്ടെന്ന് സന്ദേശം പോകും. രാജ്യമെങ്ങുമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ശൃംഖല ഉണ്ടാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.
ഈ മൊബൈല്‍ അപ്ലിക്കേഷന്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. നിങ്ങള്‍ സുരക്ഷിതമെന്ന് “ആരോഗ്യ സേതു” പറഞ്ഞാല്‍ മാത്രമേ ജോലിക്ക് ഹാജരാകേണ്ടതുള്ളൂവെന്ന് ജീവനക്കാര്‍ക്കു നിര്‍ദേശവുമുണ്ട്. ജോലിക്കായി ഓഫീസിലേക്കു പുറപ്പെടും മുമ്പ് ആപ്പ് പരിശോധിക്കണം. സുരക്ഷിതമെന്നോ അപായ സാധ്യത കുറവെന്നോ ആണ് സ്റ്റാറ്റസ് കാണിക്കുന്നതെങ്കില്‍ ജോലിക്കു പോകാം. ഇടത്തരമോ ഉയര്‍ന്ന അപകട സാധ്യതയോ കാണിച്ചാല്‍ പോകുകയുമരുത്. ഇവര്‍ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയണം.

രോഗ വ്യാപനം തടയുകയാണ് ലക്ഷ്യമെങ്കിലും ജി പി എസ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ ഓരോ ചലനവും നിരന്തരം ശേഖരിക്കുന്നുണ്ടെന്നതാണ് ഇത് സുരക്ഷിതമല്ലെന്ന ആശങ്കക്കടിസ്ഥാനം. ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ വ്യക്തികളുടെ സ്വകാര്യതകള്‍ ചോരാനും അത് ഗുരുതരമായ പ്രത്യാഘാതത്തിനും ഇടയാക്കും. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ പേര്, ലിംഗം, വയസ്സ്, ജോലി, യാത്ര ചെയ്ത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആരോഗ്യ സേതു ചോദിക്കുന്നുണ്ട്. എന്തിനാണ് രോഗപ്രതിരോധത്തിന് ഇത്രയും വിവരങ്ങള്‍? ആത്യന്തികമായി സര്‍ക്കാറിന്റെ ശക്തമായൊരു നിരീക്ഷണോപാധിയായി ആരോഗ്യ സേതു മാറിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ സര്‍വറുകള്‍ മറ്റു സര്‍ക്കാര്‍ ഡാറ്റാ ബേസുകളുമായി ലിങ്ക് ചെയ്യപ്പെടുന്നതായുള്ള വിവരം ഇതിനോടകം പുറത്ത് വന്നത് ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നു.

ഭരണഘടന മൗലികാവകാശമായി പ്രഖ്യാപിച്ച സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ് ആരോഗ്യസേതു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏത് ഉദ്ദേശ്യത്തിനാണോ വിവരങ്ങള്‍ ശേഖരിച്ചത് അതിന് മാത്രം ഉപയോഗിക്കുക, സുതാര്യതയും ചുമതലകളും സര്‍ക്കാറിനു മേല്‍ നിലനിര്‍ത്തുക തുടങ്ങി സ്വകാര്യതയുമായി ബന്ധപ്പെട്ട നിര്‍ബന്ധ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ ഈ മൊബൈല്‍ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പാലിക്കപ്പെടുന്നില്ലെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ വിശകലനത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആപ്പിലെ വ്യക്തിവിവരങ്ങള്‍ ആര്‍ക്കൊക്കെ ലഭ്യമാക്കുമെന്ന കാര്യത്തിലും എത്രനാള്‍ സര്‍ക്കാര്‍ ഡാറ്റാ ബേസില്‍ വിവരങ്ങള്‍ സൂക്ഷിക്കപ്പെടുമെന്ന കാര്യത്തിലും വ്യക്തതയില്ല. ശേഖരിക്കപ്പെടുന്ന വ്യക്തി വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറുകയില്ലെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ പ്രൈവസി പോളിസി പ്രകാരം അനുയോജ്യരാണെന്ന് കരുതുന്ന ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാറിനെ പാടെ ഒഴിവാക്കുന്ന തരത്തിലാണ് അതിന്റെ സര്‍വീസ് എഗ്രിമെന്റുകളും സുരക്ഷാ നയങ്ങളും തയ്യാറാക്കപ്പെട്ടതും. വിവരങ്ങള്‍ ചോര്‍ന്നാല്‍ ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലും സര്‍ക്കാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനോ കോടതിയെ സമീപിക്കാനോ കഴിയില്ല. ആരോഗ്യ സേതുവില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും ഒരു സ്വകാര്യ ഓപറേറ്റര്‍ക്ക് ഇതുവഴി ജനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുമെന്നും നേരത്തേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോള്‍ രാഹുല്‍ ദിവസവും ഓരോ നുണ പറയുന്നുവെന്ന് ബി ജെ പി നേതാവും വാര്‍ത്താവിതരണ- ഐ ടി വകുപ്പ് മന്ത്രിയുമായ രവിശങ്കര്‍ പരിഹസിച്ചിരുന്നു. ഇപ്പോള്‍ സൈബര്‍ വിദഗ്ധര്‍ തന്നെ രാഹുലിന്റെ ആരോപണത്തെ ശരിവെച്ചിരിക്കെ ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായ വിശദീകരണം നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടു വരേണ്ടതുണ്ട്.

---- facebook comment plugin here -----

Latest