Connect with us

Editorial

പ്രവാസികളുടെ വിമാനച്ചാര്‍ജ് സര്‍ക്കാര്‍ വഹിക്കണം

Published

|

Last Updated

പ്രവാസികളുടെ മുറവിളിക്ക് പരിഹാരമാകുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന കേരളീയരുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് നാളെ തുടക്കമാകുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് മെയ് ഏഴ് മുതല്‍ ഒരാഴ്ചത്തേക്കുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. ഒന്നാം ദിവസമായ നാളെ അബൂദബിയില്‍ നിന്നും ഖത്വറില്‍ നിന്നുമുള്ള വിമാനങ്ങള്‍ കൊച്ചിയിലും ദുബൈയില്‍ നിന്നും സഊദിയിലെ റിയാദില്‍ നിന്നുമുള്ള വിമാനങ്ങള്‍ കോഴിക്കോട് കരിപ്പൂരിലും എത്തിച്ചേരും. നാല് സര്‍വീസുകളിലും 200 യാത്രക്കാരാണുണ്ടാകുക. ഏഴ് ദിവസത്തെ 64 സര്‍വീസുകളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14,800 പേരെയാണ് പ്രഥമ ഘട്ടത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഗള്‍ഫുകാര്‍ക്കും മാല ദ്വീപുകാര്‍ക്കുമാണ് ആദ്യ പരിഗണന. മലേഷ്യ, യു എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ രണ്ടാം ഘട്ടത്തില്‍ തിരിച്ചെത്തിക്കും.

വിമാനങ്ങള്‍ക്ക് പുറമെ നാവിക സേനയുടെ കപ്പലുകളും ഉപയോഗപ്പെടുത്തുന്നുണ്ട് പ്രവാസികളുടെ തിരിച്ചു വരവിന്. യുദ്ധക്കപ്പലുകളായ ഐ എന്‍ എസ് ശര്‍ദുല്‍ ദുബൈയിലേക്കും ഐ എന്‍ എസ് ജലാശ്വ, ഐ എന്‍ എസ് മഗര്‍ എന്നീ കപ്പലുകള്‍ മാലദ്വീപിലേക്കും പുറപ്പെട്ടു കഴിഞ്ഞു. ദുബൈയിലേക്കു പുറപ്പെട്ട കപ്പല്‍ നാളെയും മാലെയിലേക്കു പുറപ്പെട്ടത് ശനിയാഴ്ചയും അവിടെ എത്തും. സാധാരണഗതിയില്‍ ഒരു കപ്പലില്‍ 500-600 പേര്‍ കയറുമെങ്കിലും രോഗബാധാ സാധ്യത കണക്കിലെടുത്ത് ഒരു കപ്പലില്‍ 250 പേരെ മാത്രമേ കൊണ്ടുവരികയുള്ളൂവെന്നാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.

മടങ്ങിവരുന്ന എല്ലാ പ്രവാസികളും അവരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളടങ്ങുന്ന പ്രത്യേക ഫോം പൂരിപ്പിച്ച് വന്നിറങ്ങുന്ന വിമാനത്താവളത്തിലെ ആരോഗ്യ, ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നല്‍കണം. പനി, ചുമ, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടോ എന്ന് പ്രത്യേകം അറിയിക്കണം. രോഗലക്ഷണമില്ലാത്തവരെയും 14 ദിവസം പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ച് നെഗറ്റീവാണെന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വീടുകളിലേക്ക് അയക്കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സ്‌ക്രീനിംഗില്‍ രോഗലക്ഷണം കാണാത്തവരെ 14 ദിവസം അവരുടെ വീടുകളില്‍ തന്നെ പ്രത്യേക റൂമില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനായിരുന്നു കേരളം തീരുമാനിച്ചിരുന്നത്. എങ്കിലും കേന്ദ്രത്തിന്റെ മുന്‍ഗണനാ ക്രമമനുസരിച്ച് തുടക്കത്തില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നതിനാല്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുന്ന എല്ലാവരെയും വീടിനു പുറത്തുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിന് കേരളത്തിനു പ്രയാസമുണ്ടാകില്ല. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, സ്‌റ്റേഡിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങി 2,94,125 കിടക്കകള്‍ക്കുള്ള കെട്ടിടങ്ങള്‍ ഇതിനകം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 8,062 ഐ സി യു കിടക്കകള്‍ സജ്ജമാണ്. ഇതോടൊപ്പം, വ്യക്തി ശുചിത്വത്തിലും ആരോഗ്യത്തിലും മികച്ചു നില്‍ക്കുന്ന കേരളത്തിന്റെ സ്ഥിതി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ സംസ്ഥാനത്ത് രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതില്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തി അതിനുള്ള അനുമതി നേടിയെടുക്കാനുള്ള ശ്രമം നടത്തി വരുന്നുമുണ്ട് സര്‍ക്കാര്‍.

നാട്ടിലെത്താനുള്ള വഴി തുറന്നു കിട്ടിയതില്‍ പ്രവാസികള്‍ സന്തുഷ്ടരാണെങ്കിലും വിമാനക്കൂലി യാത്രക്കാര്‍ തന്നെ വഹിക്കണമെന്ന കേന്ദ്ര തീരുമാനം അവരെ ആശങ്കാകുലരാക്കുന്നു. ഏകദേശം 13,000 രൂപ വരും വിമാനച്ചാര്‍ജെന്നാണ് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ജോലി നഷ്ടപ്പെട്ടവരോ ഒരു മാസത്തിലേറെയായി ജോലിയും ശമ്പളവുമില്ലാത്തവരോ ആണ് തിരിച്ചു വരാനാഗ്രഹിക്കുന്ന പ്രവാസികളില്‍ നല്ലൊരു വിഭാഗവും. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് ജോലിയില്ലാതെ കഴിഞ്ഞ നാളുകളില്‍ ഇവര്‍ക്ക് വിശപ്പടക്കാനായത്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം വിമാന ടിക്കറ്റിനു പണം മുടക്കുക പ്രയാസകരമാണ്. മറ്റു പല രാഷ്ട്രങ്ങളും ജോലി നഷ്ടപ്പെട്ട തങ്ങളുടെ പൗരന്മാരെ സര്‍ക്കാര്‍ ചെലവിലാണ് നാട്ടിലേക്ക് എത്തിച്ചത്. ഈ ഔദാര്യം ഇന്ത്യന്‍ സര്‍ക്കാറും കാണിക്കണമെന്നും ടിക്കറ്റിന് പണമില്ലാത്തതിന്റെ പേരില്‍ മടക്ക യാത്ര നിഷേധിക്കരുതെന്നുമാണ് പ്രവാസികളുടെ ആവശ്യം.
അടുത്തിടെ മോദി സര്‍ക്കാര്‍ രൂപവത്കരിച്ച പി എം കെയേഴ്‌സില്‍ ഇതിനകം സഹസ്ര കോടികള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പി എം കെയേഴ്‌സ് രൂപവത്കരിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 6,500 കോടി രൂപ നിധിയിലെത്തിയിട്ടുണ്ട.് ഇന്ത്യന്‍ റെയില്‍വേ ഈ ഫണ്ടിലേക്ക് നല്‍കിയത് 151 കോടി രൂപയാണ്. മറ്റു ഒട്ടുമിക്ക സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സമാനമായ വിഹിതം നല്‍കിയിട്ടുണ്ട.് കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങളും വന്‍ തുക നല്‍കി. വ്യവസായങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും പി എം കെയേഴ്‌സിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ടേ ദേശീയ ദുരിതാശ്വാസ ഫണ്ടെന്ന പേരില്‍ ഒരു നിധി നിലവിലിരിക്കെ പുതിയൊരു നിധിയുടെ ആവശ്യമെന്തെന്ന് ചോദ്യമുയര്‍ന്നപ്പോള്‍, ദേശീയ ദുരിതാശ്വാസ നിധി എല്ലാ ദുരന്തങ്ങള്‍ക്കുമുള്ളതാണ്, പി എം കെയേഴ്‌സ് പകര്‍ച്ചവ്യാധി ദുരന്തങ്ങള്‍ക്ക് മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. എങ്കില്‍ ഈ നിധി ചെലവിടാന്‍ ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍. കൊവിഡ് 19 സാമ്പത്തികമായി ഞെരുക്കത്തിലാക്കിയ ലക്ഷക്കണക്കിനു പേരുണ്ട് രാജ്യത്ത്. ജോലി നഷ്ടപ്പെടുകയും കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ചെയ്ത പ്രവാസികളും ഈ ഗണത്തില്‍ പെടുന്നു. പി എം കെയേഴ്‌സില്‍ നിന്നുള്ള സഹായത്തിന് എന്തുകൊണ്ടും അര്‍ഹരാണ് പ്രവാസികള്‍. അവരുടെ വിമാനച്ചാര്‍ജെങ്കിലും വഹിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്.

Latest