ആംബുലന്‍സില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ എത്തിയ സംഘം വടകരയില്‍ പിടിയില്‍

Posted on: May 6, 2020 8:29 am | Last updated: May 6, 2020 at 10:56 am

കോഴിക്കോട്  |സമൂഹമാധ്യമത്തിലൂടെ പ്രണയത്തിലായ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും രണ്ട് സുഹൃത്തുക്കളും വടകരയില്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയില്‍ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന വ്യാജേനയാണ് മൂവരും ചെറിയ ആംബുലന്‍സില്‍ വടകരയിലെത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പോലീസിനോട് പറഞ്ഞു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനാണ് ഇവരെത്തിയതെന്ന് മനസിലായത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.