Connect with us

Covid19

കൊവിഡ് 19: ദുരിതാശ്വാസ സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി ഐ സി എഫ് ഖത്വര്‍

Published

|

Last Updated

ദോഹ | കൊവിഡ് 19 ദുരിതാശ്വാസ സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി ഖത്വറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്). പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സജീവ സാന്നിധ്യമാണ് ഐ സി എഫ് ഖത്വര്‍. ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിനു കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഭക്ഷണ കിറ്റുകളും ഭക്ഷണപ്പൊതികളും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനകം 500 ഭക്ഷണ കിറ്റുകളും മുന്നൂറോളം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

ഹെല്‍പ് ഡെസ്‌കിലേക്കു വരുന്ന കോളുകള്‍ പരിഗണിച്ചും ചെയിന്‍ കോളിംഗ് സിസ്റ്റത്തിലൂടെ പ്രവര്‍ത്തകരെ നേരിട്ട് വിളിച്ചുമാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. നാഷണല്‍ തലത്തില്‍ രൂപവത്ക്കരിച്ച സാന്ത്വനം കോര്‍ ടീമാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നാല് സെന്‍ട്രല്‍ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌കിലൂടെയാണ് വിഭവ സമാഹരണവും വിതരണവും നടത്തുന്നത്. ക്ഷേമ / സേവനകാര്യ വകുപ്പുകളുടെ കീഴില്‍ നൂറോളം വളണ്ടിയര്‍മാര്‍ കര്‍മരംഗത്ത് സജീവമാണ്.
ലോക്ക് ഡൗണ്‍ കാലത്ത് ഗള്‍ഫിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ നാട്ടില്‍ നില്‍ക്കേണ്ടി വന്ന പ്രവാസികളുടെ നിയമപരവും ജോലിപരവുമായ ആശങ്കകള്‍ പരിഹരിക്കുന്നതിന് നാട്ടിലുള്ള ഐ സി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരുന്നു. നാഷണല്‍ നേതാക്കളായ ലത്വീഫ് സഖാഫി കോട്ടുമല, സലാം ഹാജി പാപ്പിനിശ്ശേരി, അബ്ദുല്‍റഹ്മാന്‍ മുയിപ്പോത്ത് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

ഗള്‍ഫിലുള്ള പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് അത്യാവശ്യമായ കാര്യങ്ങള്‍ എന്നിവ എത്തിക്കും. ഗള്‍ഫ് ഹെല്‍പ് ഡെസ്‌കില്‍ ഖത്വറിന്റെ പ്രതിനിധികളായി കരീം ഹാജി മേമുണ്ട, ബഷീര്‍ പുത്തൂപാടം എന്നിവരും അംഗങ്ങളാണ്. ദിവസവും വിവിധ ആവശ്യങ്ങള്‍ക്കായി കോളുകള്‍ നാട്ടിലേക്കു അറിയിച്ച് എസ് വൈ എസ് സാന്ത്വനം മുഖേനയും ഭക്ഷണം, മരുന്ന് തുടങ്ങി ആവശ്യമായ സഹായം ചെയ്തു വരുന്നു. ഖത്വറിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ലുലു ഗ്രൂപ്പ്, പാരീസ് ഗ്രൂപ്പ്, ലുലു എക്‌സ്‌ചേഞ്ച്, റൂസിയ ഗ്രൂപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ഐ സി എഫ് നേതൃത്വം നല്‍കുന്ന ഭക്ഷണ വിതരണം അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നുണ്ട്.

Latest