പ്രവാസികളുടെ നിരീക്ഷണം: കേന്ദ്ര നിര്‍ദേശം കേരളത്തിന്റെ പദ്ധതിക്ക് വിരുദ്ധം

Posted on: May 5, 2020 8:47 am | Last updated: May 5, 2020 at 11:46 am

തിരുവനന്തപുരം |  വിദേശത്ത് നിന്ന് മടങ്ങിയെത്തുിന്ന പ്രവാസികളെ നിരീക്ഷണത്തില്‍ വെക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം കേരള സര്‍ക്കാര്‍ നേരത്തെ തയ്യാറാക്കിയ പദ്ധതിക്ക് വിരുദ്ധം. വിദേശത്ത് നിന്ന് വരുന്നവരെ എല്ലാവരേയും 14 ദിവസം വീട്ടിലേക്ക് വിടാതെ നിരീക്ഷത്തില്‍ വെക്കാനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷണമൊന്നുമില്ലാത്തവരെ സ്വന്തം വീട്ടില്‍ നിരീക്ഷത്തില്‍വെക്കുന്ന തരത്തിലാണ് കേരളം പദ്ധതി ആസൂത്രണം ചെയ്തത്. ഈ രീതിയിലുള്ള ഒരുക്കങ്ങളാണ് കേരളത്തില്‍ നടന്നത്. ഈ സാഹചര്യത്തില്‍ പുതിയ നിര്‍ദേശം നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്രത്തെ അറിയിക്കാനാണ് കേരളത്തിന്റെ തീരുമാനം.

വിമാനത്താവളത്തില്‍ നിന്നും രോഗലക്ഷണമില്ലാത്തവരെ പ്രത്യേക വാഹനത്തില്‍ സ്വന്തം വീട്ടിലേക്ക് 14 ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റുക എന്നതായിരുന്നു കേരള പദ്ധതി. ഇവരുടെ മേല്‍നോട്ടം വാര്‍ഡ് തല സമിതികള്‍ വഹിക്കും. ലക്ഷണമുള്ളവരും, പിന്നീട് ലക്ഷണം രൂപപ്പെടുന്നവരെയും ആശുപത്രിയിലേക്ക് മറ്റും.എന്നാല്‍ സ്‌ക്രീനിങ്ങില്‍ ലക്ഷണം ഇല്ലാത്തവരും പണം മുടക്കി പ്രത്യേക കേന്ദ്രങ്ങളില്‍ തന്നെ സ്വയം ക്വാറന്റീന്‍ ചെയ്യണം എന്ന കേന്ദ്ര നിര്‍ദേശം വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. മാസങ്ങളോളം ആശങ്കയില്‍ കഴിഞ്ഞ പ്രവാസികളെ തിരിച്ചെത്തിയ ശേഷവും ഇത്തരം കേന്ദ്രങ്ങളില്‍ തളച്ചിടാനാകില്ല. എല്ലാവരും ഒരുമിച്ചു കഴിയുന്നത് രോഗം പകരാന്‍ ഇടയാക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍ അടക്കം പണം മുടക്കി സ്വയം ക്വറന്റീന്‍ ചെയ്യുമ്പോള്‍ നേരിടുന്ന മറ്റു വെല്ലുവിളികളും ഉണ്ട്.

രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ റൂം സര്‍വീസ് അടക്കം മറ്റ് സേവനങ്ങള്‍ക്കും, പ്രായോഗിക തടസം നേരിടുമെന്നാണ് മുന്‍കൂട്ടി കാണുന്നത്. സംസ്ഥാനത്തു തയാറാക്കിയ രീതിയില്‍ തന്നെ മുന്നോട്ടു പോകാനാണ് ശ്രമിക്കുക. വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കുമ്പോഴും വെല്ലുവിളികള്‍ പൂര്‍ണമായി ഒഴിയുന്നില്ല. ഈ ഘട്ടത്തില്‍ കൂടാന്‍ ഇടയുള്ള കേസുകള്‍ തന്നെയാണ് പ്രധാന ആശങ്ക. 14 ദിവസമാണ് നിരീക്ഷണ കാലാവധി. 28 ദിവസം നിരീക്ഷണം കഴിഞ്ഞും പൊസിറ്റിവ് ആയ കേസുകള്‍ ഉണ്ടെന്നിരിക്കെ നിരീക്ഷണ കാലാവധി സ്മാബന്ധിച്ച ആശങ്കകളും നീക്കണം.

അതേസമയം കേന്ദ്ര നിര്‍ദേശം തന്നെ പാലിക്കേണ്ടി വന്നാലും നിലവില്‍ തിരിച്ചെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ പറയുന്നു. 2,94,125 കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയിലെ സ്ഥലം കൂട്ടാതെയാണിത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ആയി 8062 ഐ സി യു കിടക്കകള്‍ തയാറായി. 2302 വെന്റിലേറ്ററുകള്‍ സജ്ജീകരിച്ചു. കൂടുതല്‍ വെന്റിലേറ്ററുകള്‍ ഉടനെ എത്തുമെന്നും അധികൃതര്‍ പറയുന്നു.