Connect with us

Articles

കൊവിഡ് കാലത്തെ പ്രളയ സാധ്യത

Published

|

Last Updated

കഴിഞ്ഞ രണ്ട് വര്‍ഷവും കേരളം സമാനതകളില്ലാത്ത പ്രളയങ്ങളെയാണ് നേരിട്ടത്. മലയാളികള്‍ 2020ലെ കാലവര്‍ഷത്തെ കാണുന്നതും ഭീതിയോടെയാണ്. കൊറോണ വൈറസ് ബാധ ഒഴിവാക്കാന്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി നാം ലോക്ക്ഡൗണിലാണ്. യാത്ര, വരുമാനം, ഭക്ഷണം, വിദ്യാഭ്യാസം, ജോലി, ഭാവി തുടങ്ങി എല്ലാം അനിശ്ചിതത്വത്തിലാണ്. ഈ നാളുകളില്‍ ഒരു പ്രളയം കൂടി നമുക്ക് താങ്ങാനാകുമോ എന്നതാണ് പ്രശ്‌നം. എന്തിനെയും അതിജീവിക്കാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയേ മതിയാകൂ. സുനാമിയും ഓഖിയും ഉരുള്‍ പൊട്ടലുകളും പ്രളയങ്ങളും കടലെടുപ്പും മറ്റ് പ്രകൃതി ദുരന്തങ്ങളും നിപ്പാ വൈറസ് ബാധയും നമുക്ക് തന്നത് അതിജീവനത്തിന്റെ ശക്തിയാണ്.
2018 ആഗസ്റ്റ് 15 മുതല്‍ ഒരാഴ്ച നേരിട്ട പ്രളയത്തില്‍ നമുക്ക് നഷ്ടമായത് 483 ജീവനുകളും 15,473 വീടുകളും 40,000 കോടി രൂപയുടെ നാശനഷ്ടങ്ങളുമാണ്. 760 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 10 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തോട്ടം മേഖലയില്‍ മാത്രം നഷ്ടം 1,500 കോടി രൂപയാണ്.

2019 ആഗസ്റ്റിലെ പ്രളയത്തില്‍ 92 മരണങ്ങള്‍ സംഭവിക്കുകയും 58 പേരെ കാണാതാകുകയും ചെയ്തു. കേരളത്തിലെ 14 ജില്ലകളില്‍ 13ഉം പ്രളയബാധിതമായി. 2,50,638 പേര്‍ക്കായി 1,326 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമടക്കം 85 ഇടങ്ങളില്‍ ഉരുള്‍പൊട്ടി.
ഇനി 2020ലെ പ്രളയ സാധ്യതയാണ്. ഇതേ കുറിച്ച് പലതരത്തിലുള്ള നിഗമനങ്ങളും പഠന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും പുറത്തു വന്നിട്ടുണ്ട്.

1. തമിഴ്‌നാട് വെതര്‍ മേന്‍ പ്രതീപ് ജോണിന്റെ നിഗമനങ്ങള്‍

മുന്‍ വര്‍ഷങ്ങളില്‍ 2,300 മില്ലീമീറ്റര്‍ പെയ്ത സമയങ്ങളിലാണ് മിക്കവാറും കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. 1922 (2,318 മി. മീ), 1923 (2,666 മി. മീ), 1924 (3,115 മി. മീ) എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രളയം ഉണ്ടായിട്ടുണ്ട്. 2018ലും (2,517മി. മീ) 2019ലും (2,310 മി. മീ) മഴപെയ്തപ്പോള്‍ പ്രളയം ഉണ്ടായി. അതുകൊണ്ട് 1920 -1930 പതിറ്റാണ്ടിലെ പോലെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും, അതായത് 2020ലും പ്രളയത്തിന് സാധ്യതയുണ്ട്.
2. ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ 2019ലെ റിപ്പോര്‍ട്ട്
2015 മുതല്‍ 2019 വരെ ഏറ്റവും കൂടുതല്‍ ചൂടുണ്ടായ അഞ്ച് വര്‍ഷങ്ങളാണ്. ലോകത്ത് 2011 മുതല്‍ 2015 വരെ കാലത്ത് 0.2 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടി. 2015-2017 കാലത്ത് അന്തരീക്ഷത്തിലെ ഹരിത വാതകങ്ങള്‍ 2011- 2015നെ അപേക്ഷിച്ച് വര്‍ധിച്ചിരുന്നു. 2015- 2019 കാലത്ത് ഈ വളര്‍ച്ച 20 ശതമാനമായി. സമുദ്ര താപം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഏഷ്യയിലെ മിക്കവാറും സ്ഥലങ്ങളില്‍ 2015നു ശേഷം പ്രളയങ്ങള്‍ വര്‍ധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ സാഹചര്യത്തില്‍ 2020ലും കൂടുതല്‍ മഴ പ്രതീക്ഷിക്കാം. ഒപ്പം പ്രളയവും.

3. 2020ലെ എല്‍നിനോ പ്രതിഭാസം

സാധാരണ മഴയുടെ അളവില്‍ പ്രത്യേകിച്ചും മണ്‍സൂണ്‍ മഴയില്‍ വ്യതിയാനം വരുത്തുന്നതില്‍ സമുദ്രത്തില്‍ രൂപം കൊള്ളുന്ന എല്‍നിനോ എന്ന പ്രതിഭാസത്തിന് വലിയ പങ്കുണ്ട്. പെസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖയോടടുത്തുള്ള സ്ഥലങ്ങളില്‍ രണ്ട് മുതല്‍ ഏഴ് വര്‍ഷത്തില്‍ രൂപം കൊള്ളുന്ന അസാധാരണ സമുദ്രോപരിതല താപ വര്‍ധനക്കാണ് എല്‍നിനോ പ്രതിഭാസം എന്ന് പറയുന്നത്. ഇതുമൂലം സമുദ്ര ഉപരിതല ജലത്തിന് 0.5 ഡിഗ്രി സെല്‍ഷ്യസിന്റെ താപ വര്‍ധന ഉണ്ടാകുന്നു. ഇത് ആഗോളതലത്തില്‍ തന്നെ കാറ്റിന്റെ ഗതിയെ മാറ്റിമറിക്കുന്നു. അത് വിവിധ രാജ്യങ്ങളില്‍ ലഭിക്കേണ്ട മഴയുടെ അളവും തോതും വ്യത്യാസപ്പെടുത്തുന്നു. പലയിടങ്ങളിലും പ്രളയമായും വരള്‍ച്ചയായും എല്‍നിനോക്ക് സ്വാധീനം ചെലുത്താനാകുമെന്ന് സാരം. എന്നാല്‍ 2020ല്‍ എല്‍നിനോ പ്രതിഭാസം മണ്‍സൂണ്‍ മഴയുടെ അളവ് കുറക്കുന്നതില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും ശരിവെക്കുന്നുണ്ട്. എല്‍നിനോയുടെ ഒരു പ്രതിബന്ധവും മണ്‍സൂണിന് ഇല്ലാത്തതു കൊണ്ട് മണ്‍സൂണ്‍ പതിവിലും നേരത്തേ എത്താനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

4. ഇന്ത്യന്‍ മഹാസമുദ്ര ഡൈപോള്‍ (ഐ ഒ ഡി)

ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ ഇടങ്ങളിലെ താപ നിലയിലെ ഏറ്റക്കുറച്ചിലിനെയാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ എന്ന് പറയുന്നത്. ഐ ഒ ഡി സാധാരണ ന്യൂട്രല്‍ ആണ്. 2020 മാര്‍ച്ച് മാസം മുതല്‍ ഐ ഒ ഡി പോസിറ്റീവ് ആയാണ് കാണിക്കുന്നത്. 2019ല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ ആദ്യം വരെ ഐ ഒ ഡി പോസിറ്റീവ് ആയിരുന്നു. അതുകൊണ്ട് തന്നെ 2019 ജൂലൈ ആദ്യആഴ്ച റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഈ വര്‍ഷം ഐ ഒ ഡി പോസിറ്റീവ് ആയതിനാല്‍ മണ്‍സൂണ്‍ ഒരു പക്ഷേ മെയ് മാസം പകുതിയോടെ ആരംഭിക്കാമെന്നും മഴ ആഗസ്റ്റ് രണ്ടാം ആഴ്ച വരെ നീണ്ടുനില്‍ക്കാവുന്നതാണെന്നും കാലാവസ്ഥാ നിരീക്ഷകരില്‍ ചിലര്‍ വിലയിരുത്തുന്നു.

പ്രളയത്തെ എന്ത് കൊണ്ട് കേരളം ഭയപ്പെടണം.

കേരളത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം മണ്ണിട്ട് നികത്തി. തോടുകള്‍, ഇടത്തോടുകള്‍, കാനകള്‍ എന്നിവയെല്ലാം അടച്ചു. പുഴയോരങ്ങളും പുഴയുടെ പ്രളയ പ്രതലങ്ങളും കൈയേറി കെട്ടിടങ്ങള്‍ പണി തീര്‍ത്തു. ജലകുടങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന നിരവധി കുന്നുകളും മലകളും ഇടിച്ചു നിരത്തപ്പെട്ടു. ഇക്കാരണങ്ങളാല്‍ ചെറിയ മഴ വന്നാല്‍ പോലും നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വെള്ളം നിറയും. പെയ്ത്തു വെള്ളം പിടിച്ചു നിര്‍ത്താന്‍ ശേഷിയുള്ള കേരളത്തിന്റെ വനവിസ്തൃതി വിവിധ കാരണങ്ങളാല്‍ 29 ശതമാനത്തില്‍ കുറവായി. ഇതൊക്കെ താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിപ്പൊക്കിയ വീടുകളിലും വില്ലകളിലും വികസന സൗധങ്ങളിലും ചെറിയ മഴക്ക് പോലും വെള്ളം കയറുന്ന അവസ്ഥയിലാക്കി. പ്രളയം ആളുകളെ വീട് വിട്ട് പ്രളയ ക്യാമ്പുകളില്‍ എത്തിക്കുന്നു എന്നത് കൊവിഡ് 19 കാലത്ത് ഭയപ്പെടേണ്ട വസ്തുതയാണ്.

മഴക്ക് മുമ്പ് മുന്നൊരുക്കങ്ങള്‍

ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ട സമയമായി. ദുരിതാശ്വാസ ക്യാമ്പിന് പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തുക. വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ഏതെന്ന് ജനങ്ങളെ അറിയിക്കുക. മോക്ക് ഡ്രില്‍ സംഘടിപ്പിക്കുക. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കെട്ടിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഒഴുക്കിക്കൊണ്ട് പോകാനുള്ള വഴി കണ്ടെത്തുക. ചില സ്ഥലങ്ങളില്‍ കൂടുതല്‍ കുതിരശക്തിയുള്ള പമ്പുകള്‍ മതിയാകും. അടഞ്ഞു കിടക്കുന്ന ചാലുകള്‍, കാനകള്‍, ഇടത്തോടുകള്‍, തോടുകള്‍ എന്നിവ മണ്ണ് മാറ്റി ഒഴുക്കിനുള്ള തടസ്സം മാറ്റുക. ഡാം സുരക്ഷാ അതോറിറ്റി ഇപ്പോള്‍ തന്നെ ശാസ്ത്രീയമായി പ്രശ്‌നങ്ങള്‍ വിലയിരുത്തുക. കാലാവസ്ഥാ വകുപ്പ് മഴയെ കുറിച്ചുള്ള അലേര്‍ട്ട്കളുടെ വിശകലനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക. ജിയോളജി വകുപ്പ് ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തി ജനങ്ങളെ ബോധ്യപ്പെടുത്തുക. ഉരുള്‍ പൊട്ടാനും ഭൂമി കുലുക്കം ഉണ്ടാകാനും സാധ്യതയുള്ള സ്ഥലങ്ങളിലെ പാറ ഖനനം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അടയാളപ്പെടുത്തി അവിടങ്ങളിലെ ഖനനം നിര്‍ത്തിക്കുക. പുഴയോരങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളിലെ താമസക്കാരെ മഴക്ക് മുമ്പ് നോട്ടീസ് നല്‍കി ഒഴിപ്പിക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കുക. നദികളില്‍ ഒഴുക്കിനു തടസ്സമായി മണലും ചളിയും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ദ്രുത പഠനം നടത്തി ശാസ്ത്രീയമായി ഡ്രഡ്ജ് ചെയുക.
സമയം വിലപ്പെട്ടതാണ്, സര്‍ക്കാര്‍ കരുതിയിരിക്കണം. വന്നതിനു ശേഷമല്ല, മറിച്ച് ദുരന്തം വരുന്നതിനു മുമ്പ് പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ പ്രളയത്തിന് മുമ്പ് മുന്നൊരുക്കങ്ങള്‍ നടക്കണം.

---- facebook comment plugin here -----

Latest