‘ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നില്ല’: സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

Posted on: May 1, 2020 9:14 am | Last updated: May 1, 2020 at 1:08 pm

ന്യൂഡല്‍ഹി | സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍.സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകള്‍ തൃപ്തികരമായി നിറവേറ്റുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കൊവിഡ് കാലത്തെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്‌.എങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ കോടതി ആത്മപരിശോധന നടത്തണം. മുന്‍പ് പ്രവര്‍ത്തിച്ചതിനെക്കാള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് നിരാശപ്പെടുത്തിയെന്നും ‘ദി വയറി’ന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ജസ്റ്റിസ് പറഞ്ഞു. ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് പറയുന്നതിനൊപ്പം കോടതിക്കും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളും ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളും വാദം കേള്‍ക്കുന്നത് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.