Connect with us

Covid19

കൊവിഡിനെതിരെ പ്ലാസ്മ തെറാപ്പി: ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല; തെറ്റായ ഉപയോഗം ജീവനെടുക്കും: ആരോഗ്യ വകുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണെന്നും കോവിഡ് 19 ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് 19 ചികിത്സയില്‍ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തി പഠിക്കുന്നതിനായി ഐസിഎംആര്‍ ദേശീയതലത്തില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായി ശക്തമായ ശാസ്ത്രീയ തെളിവ് ലഭ്യമാകുന്നതുവരെ, പ്ലാസ്മ തെറാപ്പി ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രമേ ഉപയോഗിക്കാവൂ. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാല്‍ ഇത് ജീവന് ഭീഷണിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് കേസുകളുടെ ഇരട്ടിക്കല്‍ നിരക്ക് ഇപ്പോള്‍ 10.2 ദിവസമാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,543 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം കേസുകള്‍ 29,435 ആയി. മൊത്തം കേസുകളുടെ 23.3 ശതമാനമായ 6,868 കോവിഡ് 19 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു.

Latest