Connect with us

Ramzan

അഭിമാനം ഹനിക്കുന്ന ലൈക്ക് ബട്ടണിൽ വിരലമർത്തരുത്

Published

|

Last Updated

ആത്മ സംസ്‌കരണമാണ് റമസാനിന്റെ അടിസ്ഥാന ലക്ഷ്യം. അഹങ്കാരം, അസൂയ, ലോകമാന്യം, ഏഷണി, പരദൂഷണം തുടങ്ങിയ ഹൃദയാന്തര രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കുകയെന്നാണ് പൊതുവേ ആത്മസംസ്‌കരണം കൊണ്ടുള്ള വിവക്ഷ.

ഈ വിഷയം ആവർത്തിക്കണോ റമസാനടുക്കുമ്പോൾ എല്ലാവരും പറയാറുള്ളതല്ലേ എന്ന് നിസ്സാരവത്കരിച്ച് തള്ളിക്കളയരുത്. ഞങ്ങൾ ഇത്തരം കാര്യങ്ങളിൽ നിന്നെല്ലാം മുക്തരാണെന്ന് പറഞ്ഞ് മാറിനിൽക്കുന്നവർ ഇനിയുള്ള വരികൾ വായിച്ചതിന് ശേഷം പുനരാലോചന നടത്തുക.
സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്തുപോകുമ്പോൾ കണ്ണിലുടക്കുന്ന ട്രോൾ വീഡിയോകൾക്കും ചിത്രങ്ങൾക്കും മറ്റുള്ളവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള കോമഡി സ്‌കിറ്റുകൾക്കും നിങ്ങൾ ലൈക്കടിക്കാറുണ്ടോ? ഷെയർ ചെയ്യാറുണ്ടോ? ഊറിച്ചിരിക്കാറുണ്ടോ? എങ്കിൽ നിങ്ങൾക്ക് സമാധാനിക്കാൻ സമയമായിട്ടില്ല. ഇത്തരം അക്ഷേപഹാസ്യങ്ങൾ അന്യന്റെ മനസ്സിനുണ്ടാക്കുന്ന മുറിവും അവന്റെ അഭിമാനത്തിനുണ്ടാക്കുന്ന ക്ഷതവും അതനുഭവിക്കുന്നവനല്ലാതെ മറ്റൊരാൾക്കും മനസ്സിലാവുകയില്ല.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർഥിയെ കൂട്ടുകാർ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി മഴുകൊണ്ട് കഴുത്ത് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കേരളമിപ്പോഴും മുക്തമായിട്ടില്ല. കുഞ്ഞു തർക്കത്തിന്റെയോ പരസ്പരാപഹാസ്യത്തിന്റെയോ പ്രതികാരമായിരുന്നുവെന്ന് വായിച്ചപ്പോൾ ഹൃദയം വിങ്ങി.

സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും നിസ്സാരമായിയുപോയോഗിച്ച് തള്ളാവുന്ന ഒരാസ്വാദനം മാത്രമാണെന്ന് ധരിച്ചു വശായവർക്ക് തെറ്റി. അവക്ക് ഇഹപര ജീവിതം തകർക്കാനുള്ള കെൽപ്പുണ്ട്. ഇന്നലെ സിറാജിന്റെ എഡിറ്റോറിയലിൽ മൊബൈൽ ഫോണിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന രോഗാതുരതയും “മൊബൈൽ സിൻഡ്രോം” എന്നരോഗവസ്ഥയെ കുറച്ചും വിശദീകരിച്ചിരുന്നു. വായിച്ചപ്പോൾ ഭയം തോന്നി. ലോക്ക്ഡൗൺ സമയത്ത് നമ്മളേറ്റവും ഇടപഴകിയത് എന്തിനോടാണെന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരം മൊബൈൽ ഫോൺ എന്നായിരിക്കും.

പുറത്തിറങ്ങാനോ പൊതുജനങ്ങളുമായി ഇടപഴകാനോ സാധിക്കാത്തതിനാൽ ഈ റമസാൻ പൂർണമായും സേഫ്‌സോണിലായിരിക്കുമെന്ന് കരുതരുത്. അങ്ങാടിയിൽ നമ്മൾ ഒരുവ്യക്തിയെ കുറിച്ച് സംസാരിക്കുമ്പോൾ അവിടെയുള്ള പ്രേക്ഷകരുടെ വ്യാപ്തി വിരലിലെണ്ണാവുന്നതായിരിക്കും. എന്നാൽ, സാമൂഹിക മാധ്യമത്തിൽ നമ്മൾ മുഴുവൻ സമയവും ജനലക്ഷങ്ങളുടെ നടുവിലാണ്.

എങ്ങനെയാണ് ഒരു ട്രോൾ രൂപപ്പെടുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഏതെങ്കിലും ദുർബല നിമിഷത്തിൽ ഒരു വ്യക്തിയിൽ നിന്നുണ്ടാകുന്ന അബദ്ധങ്ങളെ എടുത്തുകാണിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക. ഇതിലൂടെ ആ വ്യക്തിയുടെ അഭിമാനത്തെയാണ് വ്രണപ്പെടുത്തുന്നത്.
വിശ്വാസിയെ സംബന്ധിച്ച് അഭിമാന സംരക്ഷണം നിർബന്ധമാണ്. നമ്മൾ വസ്ത്രം ധരിക്കുന്നതും വൃത്തിയാകുന്നതും അഭിമാന സംരക്ഷണത്തിന് വേണ്ടിയാണ്. മറ്റൊരാളുടെ മുമ്പിൽ നാം വഷളാകരുത് എന്ന നിർബന്ധമാണ്. മഹാന്മാർ അഭിമാന സംരക്ഷണത്തിന് നൽകിയ പ്രാധാന്യമറിഞ്ഞാൽ നമുക്കതിന്റെ ഗൗരവമുൾക്കൊള്ളാൻ സാധിക്കും.

അബുൽ ഹാത്വിമുൽ അസ്വം (റ) വിന്റെ ചരിത്രം വായിച്ചവർക്ക് മറ്റുള്ളവരുടെ അഭിമാന സംരക്ഷണത്തിന്റെ മൂല്യം പറഞ്ഞുതരേണ്ടതില്ല. ബധിരതയുടെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ജീവിത കാലം മുഴുവനും തന്റെ പേരിന് കൂടെ “അൽ അസ്വം” അഥവാ ബധിരൻ എന്ന അകമ്പടിയോടെ ജീവിച്ചു തീർത്തവരാണ് മഹാൻ.
ഒരിക്കൽ അദ്ദേഹത്തിന്റെ സദസ്സിൽ സംശയ നിവാരണത്തിനെത്തിയ സ്ത്രീ ക്ക് ചോദ്യം ചോദിക്കുന്നതിനിടക്ക് കീഴ് വായു പുറപ്പെട്ടു. ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ മുമ്പിൽ വെച്ചുണ്ടായ ഈ സംഭവം ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളുടെ മുഖത്ത് ജാള്യത തളംകെട്ടി നിന്നു.

സംഗതി മനസ്സിലാക്കിയ മഹാൻ ചെവിവട്ടം പിടിച്ചുകൊണ്ട് ആ സ്ത്രീയോട് ചോദിച്ചു:
“നിങ്ങളെന്താണ് പറഞ്ഞുതുടങ്ങിയത്. ഉറക്കെ ചോദിക്കൂ” മഹാനവർകൾക്ക് കേൾവിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ സ്ത്രീയുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ ആശ്വാസമുണ്ടായിരുന്നു. പിന്നീട് മരണം വരെ താനന്ന് അഭിനയിച്ചതായിരുന്നുവെന്ന് ആ സ്ത്രീക്ക് തോന്നാതിരിക്കാൻ മഹാനവർകൾ കേൾവിക്കുറവുള്ളവനെ പോലെയാണ് ജീവിച്ചത് എന്നാണ് ചരിത്രം.
ഈ വിശുദ്ധ റമസാനിൽ നാമെടുക്കേണ്ട ആദ്യ തീരുമാനം മറ്റൊരാളുടെയും അഭിമാനത്തെ ഹനിക്കുന്ന ഒരു ലൈക്ക് ബട്ടണിലും എന്റെ വിരലമരില്ല. സത്യസന്ധമല്ലാത്ത ഒരു വാർത്തയും ഞാൻ പ്രചരിപ്പിക്കില്ല. കൃത്യമായ അവബോധത്തട് കൂടി മാത്രമേ ഞാൻ സോഷ്യൽ മീഡിയയിൽ ഇടപെടുകയുള്ളൂ എന്നെല്ലാമായിരിക്കണം.

Latest