പി വി സിന്ധു ഐ ആം ബാഡ്മിന്റണ്‍ ക്യാമ്പയിന്റെ അംബാസിഡര്‍

Posted on: April 24, 2020 9:39 pm | Last updated: April 24, 2020 at 9:39 pm

ന്യൂഡല്‍ഹി | ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി ഡബ്ല്യു എഫ്) ഐ ആം ബാഡ്മിന്റണ്‍ ബോധവത്കരണ ക്യാമ്പയിന്റെ അംബാസിഡര്‍മാരില്‍ ഒരാളായി ലോക ചാമ്പ്യന്‍ പി വി സിന്ധുവിനെ തിരഞ്ഞെടുത്തു.

വൃത്തിയുള്ളതും സത്യസന്ധവുമായ കളിയില്‍ വാദിക്കുകയും പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്യുന്നതിലൂടെ കളിക്കാര്‍ക്ക് ബാഡ്മിന്റണിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് ക്യാമ്പയിന്‍ നല്‍കുന്നത്.

ഏത് കായികരംഗത്തും വൃത്തിയും സത്യസന്ധതയോടയും കളിക്കുന്നത് വളരെ പ്രധാനമാണെന്നും കൂടാതെ അതില്‍ സന്തുഷ്ടരായിരിക്കണമെന്നും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധു പറഞ്ഞു.

സിന്ധുവിനെ കൂടാതെ, കാനഡയിലെ മിഷേല്‍ ലി, ചൈനീസ് ജോഡികളായ ഷെംഗ് സി വെയ്, ഹുവാംഗ് യാ ക്വിയോംഗ്, ഇംഗ്ലണ്ടിന്റെ ജാക്ക് ഷെഫാര്‍ഡ്, ജര്‍മ്മനിയുടെ വലെസ്‌ക നോബ്ലോച്ച്, ഹോങ്കോംഗിന്റെ ചാന്‍ ഹോ യുവാന്‍, അത്‌ലറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായ ജര്‍മ്മനിയുടെ മാര്‍ക്ക് സ്വീബ്ലര്‍ എന്നിവരും അംബാസഡര്‍മാരില്‍ ഉള്‍പ്പെടുന്നു.

‘ഓരോ കളിക്കാരനും നീതിയുക്തവമായി കായികരംഗത്ത് മത്സരിക്കാന്‍ അവകാശമുണ്ട്. മാച്ച് ഫിക്‌സിംഗ്, മാച്ച് കൃത്രിമം, ഡോപ്പിംഗ് എന്നിവ കായിക മനോഭാവത്തിന് വിരുദ്ധമാണ്. ഒരു അംബാസഡര്‍ എന്ന നിലയില്‍ ബാഡ്മിന്റണിന്റെ ഭാവി സംരക്ഷിക്കുന്നതില്‍ നാമെല്ലാവരും ഒരു പോലെ പ്രവര്‍ത്തിക്കണമെന്ന് ബി ഡബ്ല്യു എഫ് പ്രസിഡന്റ് ഹെയര്‍ പറഞ്ഞു.