Connect with us

Covid19

ദുരിതകാലത്തും പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം : നവയുഗം

Published

|

Last Updated

ദമാം | കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടും ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ വിദേശങ്ങളില്‍ കഴിയുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഗള്‍ഫില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും അനുമതി നല്‍കാതെയാണ് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന്, ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്ട്ടിഫിക്കറ്റ് വേണം. ഇത്തരം സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ, കൊവിഡ് 19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ കാര്‍ഗോ വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ പത്രം വാങ്ങണമെന്ന് ഇന്ത്യന്‍ എംബസികള്‍ നിര്‍ബന്ധമാക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവാണെന്നും കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയയ്ക്കാനുള്ള അനുമതി ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണം. ഗര്‍ഭിണികളെയും രോഗങ്ങള്‍ മൂലം വലയുന്ന വയോധികരും, വിസിറ്റിംഗ് വിസയില്‍ വന്നു കുടുങ്ങിപ്പോയവരും ഉള്‍പ്പെടെയുള്ള പ്രവാസികളെ അടിയന്തരമായി നാട്ടില്‍ തിരിച്ചെത്തിക്കണം. യാത്രാവിലക്ക് കാരണം വിമാനയാത്ര നടത്താനാകാതെ പോയ എല്ലാവര്‍ക്കും കാന്‍സലേഷന്‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ പണവും തിരികെ നല്‍കാന്‍ വിമാന കമ്പനികള്‍ക്ക്് നിര്‍ദേശം നല്‍കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.