Connect with us

Kerala

ലോക്ക് ഡൗണ്‍ കാലത്ത് തപാല്‍ വകുപ്പ് നടത്തുന്നത് മഹനീയ സേവനം; അഭിനന്ദിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ കാലത്ത് മഹനീയ സേവനം നടത്തുന്ന തപാല്‍ വകുപ്പിനെയും ജീവനക്കാരെയും അഭിനന്ദിച്ച് മുഖ്യമന്ത്രി. തപാല്‍ വകുപ്പ് സജ്ജീകരിച്ച സഞ്ചരിക്കുന്ന തപാലാപ്പീസുകളും ഇതുവഴിയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണവും മികവുറ്റ ഇടപെടലുകളാണ്.
അംഗപരിമിതര്‍, അശരണര്‍, വിധവകള്‍, അസുഖ ബാധിതര്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ അവരവരുടെ വീടുകളിലെത്തിച്ചു നല്‍കുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് വകുപ്പ് നിര്‍വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 48.76കോടിരൂപയുടെ 3,13,719 ക്ഷേമ പെന്‍ഷനുകളാണ് തപാല്‍ വകുപ്പു വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ കഴിഞ്ഞത്. ഇടമലക്കുടി ഗ്രാമത്തിലെ വനത്തിനുള്ളിലുള്ള ആദിവാസി ഊരുകളില്‍ 74 ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 16.91 കോടി രൂപയുടെ 21,577 സര്‍വീസ് പെന്‍ഷനുകളും ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ബേങ്കിലോ എ ടി എമ്മിലോ പോകാതെ ഉപഭോക്താക്കള്‍ക്ക് പണം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും തപാല്‍ വകുപ്പ് നടപ്പാക്കി. 48, 598ഉപഭോക്താക്കളാണ് പോസ്റ്റുമാനില്‍ നിന്നും ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് 19 നെതിരായി പോരാടുന്നവരോട് ആദരം പ്രകടിപ്പിച്ച് കേരള തപാല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവര്‍ തന്നെ പുറത്തിറക്കിയത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമെന്നത് അഭിമാനകരമാണ്. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ കഴിയുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി “എന്റെ കൊറോണ പോരാളികള്‍” എന്ന പേരില്‍ ഇ പോസ്റ്റ് പദ്ധതിക്കും തപാല്‍ വകുപ്പ് തുടക്കമിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest