Connect with us

Covid19

മുഖംതിരിച്ച് കേന്ദ്ര സര്‍ക്കാര്‍; സഊദിയിലുള്ള ഇന്ത്യക്കാരുടെ മടക്കയാത്ര വൈകും

Published

|

Last Updated

ദമാം | സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് സ്വദേശങ്ങളിലേക്കുള്ള മടക്കയാത്രക്കായി സഊദി ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ അബ്ഷീര്‍ പോര്‍ട്ടലിലെ “ഔദ” ലിങ്ക് വഴിയുള്ള സേവനം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് താത്ക്കാലികമായി ലഭ്യമാകില്ല. മടക്കയാത്രക്കുള്ള അനുമതി നല്‍കണമെന്ന് ഐ സി എഫ് അടക്കമുള്ള നിരവധി പ്രവാസി സംഘടനകള്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടാകാത്തതാണ് ഇതിനു കാരണം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനായി മുഴുവന്‍ സഹായങ്ങളും നല്‍കാമെന്ന് കേന്ദ്രത്തോട് വാഗ്ദാനം ചെയ്തിട്ടും ഇതാണ് അവസ്ഥ.

തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി സഊദിയോട് സഹായം അഭ്യര്‍ഥിച്ച പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത് എന്നീ രാജ്യക്കാര്‍ക്കാണ് “ഔദ” വഴി ആദ്യ ഘട്ടത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ കഴിയുക. പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് അപേക്ഷ നല്‍കിയ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ മതി. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ സഊദിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തേക്ക് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

വിസാ കാലാവധി കഴിഞ്ഞ് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍, റീ എന്‍ട്രിയില്‍ മടങ്ങുന്നവര്‍, ടൂറിസ്റ്റ്-സന്ദര്‍ശന വിസകളില്‍ എത്തി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ എന്നിവര്‍ക്കെല്ലാം സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കുന്ന പ്രത്യേക പദ്ധതിയാണ് “ഔദ”.
സഊദി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് വിദേശികളുടെ മടക്കയാത്രക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നനല്‍കിയത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഫിലിപ്പൈന്‍ യാത്രാ സംഘം കഴിഞ്ഞ ദിവസം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും സഊദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ മനിലയിലെത്തിയിരുന്നു. ഇന്ത്യയിലേക്ക് യാത്രാ വിലക്ക് നില നില്‍ക്കുന്നതിനാല്‍ ആയിരക്കണക്കിനാളുകളാണ് സഊദിയില്‍ നിന്നും മടങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്.

 

സിറാജ് പ്രതിനിധി, ദമാം

Latest