ഇവര്‍ എന്‌റെ ഇഷ്ട താരങ്ങള്‍; ഇന്ത്യന്‍ കളിക്കാരെ കുറിച്ച് മോണ്ടി പനേസര്‍

Posted on: April 22, 2020 12:07 am | Last updated: April 22, 2020 at 12:07 am


ന്യൂഡല്‍ഹി | ക്രിക്കറ്റ് ജീവിതത്തിലെ തന്‌റെ ഇഷ്ട താരങ്ങളെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. കളത്തിനു പുറത്തും പെരുമാറ്റം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ് എന്നീ ഇന്ത്യന്‍ താരങ്ങളെന്നാണ് താരം പറയുന്നത്. ക്രിക്കറ്റിലെ കളി മികവ് കൊണ്ട് മാത്രമല്ല, ലോക ക്രിക്കറ്റില്‍ അവര്‍ സ്വയം മുന്നോട്ടുപോയ രീതിയും മറ്റു കളിക്കാര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

‘സച്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഒരു നല്ല മനുഷ്യനായി അദ്ധേഹം മറ്റുള്ളവരോട് പെരുമാറിയ രീതിയായിരുന്നു എന്നെ ഏറ്റവും സ്വാധീനിച്ച കാര്യം. സച്ചിന്‌റെ കുടുംബം അദ്ദേഹത്തെ അത്തരത്തിലാണ് പഠിപ്പിച്ചത്’. – പനേസര്‍ പറഞ്ഞു. ഇന്ത്യക്കെതിരെ 11 ടെസ്റ്റ് കളിച്ച പനേസര്‍ നാല് തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ട്. എന്‌റെ കരിയറില്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്നു ഇന്ത്യന്‍ ഇതിഹാസമെന്ന് പനേസര്‍ കൂട്ടിച്ചേര്‍ത്തു.

വിരേന്ദര്‍ സേവാഗ് ആക്രമകാരിയായ ബാറ്റ്‌സ്മാനായിരുന്നു. ബൗളര്‍മാരെ കണക്കിന് പ്രഹരിക്കുന്ന താരമായിരുന്നു അദ്ദേഹം. സേവാഗിന്‌റെ അടി വാങ്ങാത്ത ബൗളര്‍മാര്‍ ആ കാലത്ത് കുറവായിരുന്നു. രാഹുല്‍ ദ്രാവിഡ് ‘ദി വാള്‍’ ആയിരുന്നു. ഗ്രൗണ്ടില്‍ മതിലു പോലെ ദീര്‍ഘനേരം നിലയുറപ്പിക്കുന്ന മറ്റൊരു കളിക്കാരനെ ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ കണ്ടിട്ടില്ലെന്നും പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി 50 ടെസ്റ്റുകള്‍ കളിച്ച പനേസര്‍ 167 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.