Connect with us

Covid19

കൊവിഡ് വ്യാപകമായി പടര്‍ന്ന രാഷ്ട്രങ്ങളിലേക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപകമായി പടര്‍ന്നു പിടിച്ച രാഷ്ട്രങ്ങളിലേക്ക് പാരസിറ്റമോള്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യ. നമ്മുടെ ശേഷിയെ ആശ്രയിക്കുന്ന എല്ലാ അയല്‍ രാഷ്ട്രങ്ങളിലേക്കും ആവശ്യമായ തോതില്‍ ഈ മരുന്നുകള്‍ എത്തിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതിനു പുറമെ കൊവിഡ് വൈറസ് ഗുരുതരമായി ബാധിച്ച രാഷ്ട്രങ്ങളിലേക്കും അവശ്യ മരുന്നുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക വശങ്ങള്‍ പരിഗണിച്ചാണ് നടപടി. വിഷയത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയല്ലെന്നും ശ്രീവാസ്തവ പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ ഭാഗികമായി നീക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര ആവശ്യത്തിനുള്ള സ്‌റ്റോക്കുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമെ ഹെഡ്രോക്‌സിക്ലോറോക്വിന്‍, പാരസിറ്റമോള്‍ മരുന്നുകള്‍ക്കുള്ള മറ്റ് രാഷ്ട്രങ്ങളുടെ ആവശ്യം പരിഗണിക്കുകയുള്ളൂവെന്നാണ് പുതിയ നീക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചിരുന്നു. മരുന്ന് കയറ്റുമതി നിരോധിച്ചത് ഇന്ത്യ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചാണ് മരുന്ന് കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്.

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരമാണ് മാര്‍ച്ച് 25ന് 24 മരുന്നുകളുടെയും കൊവിഡ് രോഗ ബാധിതരുടെ ചികിത്സക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായായിരുന്നു ഇത്.